മൂവാറ്റുപുഴ: കെസിബിസി പ്രോ ലൈഫ് സംസ്ഥാനതല ദിനാഘോഷവും കോതമംഗലം രൂപത പ്രവർത്തന വർഷ ഉദ്ഘാടനവും "ലവീത്ത-2019’ എന്ന പേരിൽ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ ഇന്നു നടക്കും. ഉച്ചകഴിഞ്ഞു 2.30നു കോതമംഗലം രൂപതാധ്യക്ഷൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ രൂപത സഹായ മെത്രാൻ യൂഹാനോൻ മാർ തിയോഡോഷ്യസ് അധ്യക്ഷതവഹിക്കും.
സംസ്ഥാന ഡയറക്ടർ ഫാ. പോൾ മാടശേരി അനുഗ്രഹ പ്രഭാഷണവും സംസ്ഥാന പ്രസിഡന്റ് സാബു ജോസ് മുഖ്യപ്രഭാഷണവും നടത്തും. ജനിക്കാനും ജീവിക്കാനുമുള്ള അവകാശം എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഷിബു ജോണ് ക്ലാസ് നയിക്കും. എറണാകുളം മേഖല ഡയറക്ടർ ഫാ. അരുണ് വലിയതാഴത്ത്, തോമസ് മാത്യു, മോളി ജോർജ്, മേഖല പ്രസിഡന്റ് ജോണ്സണ് സി. ഏബ്രഹാം, ജോണി ഇലവുംകുടി എന്നിവർ പ്രസംഗിക്കും.
ചടങ്ങിൽ മേരി കെയർ മിഷൻ ഉദ്ഘാടനം ചെയ്യും. ഗർഭിണികളായവരെ പൊന്നാട അണിയിച്ച് ആദരിക്കും. മനുഷ്യജീവന്റെ സംരക്ഷണ മേഖലയിൽ മികച്ച സേവനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും പുരസ്കാരങ്ങൾ നൽകും.
ജൂഡ്സണ് (സാമൂഹ്യ സേവനം), മാർട്ടിൻ ന്യൂനസ് (ജീവ സമൃദ്ധി), ബിന്ദു ഓടയ്ക്കൽ (ജീവകാരുണ്യം), മരിയ തെരേസ ഹോസ്പിറ്റൽ (ആതുര ശുശ്രൂഷ), ഡോ. മാത്യു നന്പേലിൽ, ഷീബ മാത്യൂസ് (പാലിയേറ്റീവ്), സോജി -മരിയ ദന്പതികൾ (ബേത്ലഹേം സ്കൂൾ ഓഫ് ഗ്രേസ്) തുടങ്ങിയവർക്കാണു പുരസ്കാരം.
കലാപരിപാടികൾ, പ്രോ ലൈഫ് എക്സിബിഷൻ, സ്നേഹവിരുന്ന് എന്നിവയും ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അഞ്ചു മേഖലകളിലെ 32 രൂപതകളിൽനിന്നുള്ള പ്രോ ലൈഫ് പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കും.
പ്രോ ലൈഫ് സംസ്ഥാനതല ദിനാഘോഷം ഇന്ന്
01:11 AM Mar 23, 2019 | Deepika.com