ശബരിമല: ശബരിമല ഉത്സവത്തിനു സമാപനം കുറിച്ച് ഇന്നു പന്പയിൽ ആറാട്ട്. ഇന്നലെ രാത്രിയിൽ ശരംകുത്തിയിൽ പള്ളിവേട്ട കഴിഞ്ഞു. ഇന്നു പുലർച്ചെ അഞ്ചിന് പള്ളിയുണർത്തൽ. അഭിഷേകം, ഗണപതിഹോമം ഇവ നടത്തി ഏഴിന് ഉഷഃപൂജ. എട്ടിന് ആറാട്ടുബലി തൂകി 8.30ന് സന്നിധാനത്തുനിന്നു പന്പയിലേക്ക് ആറാട്ടിനു പുറപ്പെടും. ആറാട്ടുബലി തൂകി തിടന്പ് പന്പയിലേക്ക് ആനപ്പുറത്താണ് എഴുന്നള്ളിക്കുന്നത്.
രാവിലെ 10 ഓടെ പന്പയിലെത്തും. തുടർന്ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ചടങ്ങുകൾ നടക്കും. 11 ഓടെ പന്പയിൽ ആറാട്ടു നടക്കും. ആറാട്ടിനുശേഷം പന്പ ഗണപതി കോവിലിലിലേക്കു തിരിച്ചെഴുന്നള്ളത്ത്. അവിടെ ഭക്തർക്കു ദർശന സൗകര്യമുണ്ടാകും. ഉച്ചകഴിഞ്ഞു മൂന്നിനു തിരികെ സന്നിധാനത്തേക്ക് എഴുന്നള്ളത്ത് നടക്കും. ആറാട്ടു ഘോഷയാത്ര പതിനെട്ടാംപടി കയറി സോപാനത്തെത്തുന്പോൾ ഉത്സവ കൊടിയിറങ്ങും. തുടർന്ന് ആറാട്ടുകലശം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ ചടങ്ങുകൾ നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മേട മാസ, വിഷു പൂജകൾക്കായി ഏപ്രിൽ 10നു വൈകുന്നേരമാണ് പിന്നീട് നട തുറക്കുന്നത്. 19ന് അടയ്ക്കും.
ശബരിമലയിൽ പള്ളിവേട്ട കഴിഞ്ഞു, ഇന്ന് ആറാട്ട്
01:27 AM Mar 21, 2019 | Deepika.com