തിരുവനന്തപുരം: മുഖ്യമന്ത്രി പറഞ്ഞാൽ ചീഫ് സെക്രട്ടറി പോലും കേൾക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് ഇങ്ങനെയൊരു മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാർഷിക കടങ്ങൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങാത്തതു സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ തീരുമാനമെടുത്താൽ പോലും അതു നടപ്പിലാവാത്തവിധം കുത്തഴിഞ്ഞു കിടക്കുകയാണ് സംസ്ഥാനത്തെ ഭരണ സംവിധാനം. മുഖ്യമന്ത്രിയുടെ നിർദേശം പോലും നടപ്പാകുന്നില്ല. മുഖ്യമന്ത്രി പറഞ്ഞാൽ ഒരു പ്യൂണ്‍ പോലും കേൾക്കാത്ത അവസ്ഥയാണ്. മോറട്ടോറിയത്തിന്റെ ഉത്തരവിറങ്ങാത്തത് ഉദാഹരണം മാത്രമാണ്. നിക്ഷിപ്ത താത്പര്യമുള്ള കാര്യങ്ങളിൽ മാത്രമാണ് കൃത്യസമയത്ത് ഉത്തരവ് ഇറങ്ങുന്നത്.
മോറട്ടോറിയത്തിന്റെ കാര്യത്തിൽ ഉത്തരവ് ഇറങ്ങാത്തതെന്തെന്ന് അറിയാൻ ചീഫ് സെക്രട്ടറിയെ രണ്ടു തവണ വിളിച്ചിട്ടും അദ്ദേഹത്തെ കിട്ടിയില്ലെന്നാണ് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞത്.
മന്ത്രി വിളിച്ചാൽ പോലും ചീഫ് സെക്രട്ടറിയെ കിട്ടാത്ത വിചിത്രമായ അവസ്ഥയാണ് നിലനിൽക്കുന്നത്. ഭരണത്തിന്റെ കെടുകാര്യസ്ഥതയാണ് ഇതെല്ലാം കാണിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സർക്കാരിന്റെ കെടുകാര്യസ്ഥത തെളിഞ്ഞു: ചെന്നിത്തല
01:26 AM Mar 21, 2019 | Deepika.com