കൊച്ചി/തൃശൂർ: കോളജുകളിൽ കൂട്ടമായോ ഒറ്റയ്ക്കോ എത്തി വോട്ട് ചോദിക്കുന്നതു പെരുമാറ്റച്ചട്ട ലംഘനമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കോളജുകൾ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ല. കേരളത്തിൽ പതിവായി ഇത്തരം പ്രചാരണം നടക്കാറുണ്ടെന്നു മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കീഴ്വഴക്കങ്ങൾ ലംഘിക്കാനില്ലെന്നും ആലോചിച്ചു നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 1,200 പ്രശ്നബാധിത പോളിംഗ് ബൂത്തുകളിലേക്ക് സുരക്ഷയ്ക്കായി ആവശ്യത്തിനു കേന്ദ്രസേനയെ ലഭിച്ചിട്ടില്ല. കണ്ണൂരാണ് ഏറ്റവും പ്രശ്നബാധിത ജില്ല. മാവോയിസ്റ്റ് ഭീഷണിയടക്കം അക്രമഭീഷണിയുള്ള അഞ്ചു ജില്ലകളുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഭീഷണിയുള്ളത്.
വോട്ടെടുപ്പു ദിവസങ്ങളിലേക്കു കഴിഞ്ഞ തവണ 55 കമ്പനി കേന്ദ്രസേനയുടെ സേവനം ലഭ്യമായിരുന്നു. ഇത്തവണ നൂറു കമ്പനി കേന്ദ്രസേനയുടെ സേവനമാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇതുവരെ അനുവദിച്ചത് 35 കമ്പനി സേന മാത്രമാണ്. വോട്ടെടുപ്പ് സുഗമമായി നടത്താൻ കൂടുതൽ സേനയെ ലഭ്യമാക്കണമെന്നു ഡിജിപിയോട് ഇന്നലെയും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് 24,970 പോളിംഗ് സ്റ്റേഷനുകളാണുണ്ടാകുക. ശാരീരിക വൈകല്യമുള്ള വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാൻ സർക്കാരിന്റെ ഒൗദ്യോഗിക വാഹനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനുള്ള നിർദേശങ്ങൾ നല്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിനു പണം, മദ്യം, സമ്മാനങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്നതു നിയമവിരുദ്ധമാണ്. കണ്ടെത്താൻ വിവിധ ഡിപ്പാർട്ടുമെന്റുകൾ സംയുക്തമായി പരിശോധനകൾ നടത്തും. തൃശൂർ ജില്ലയിൽ 31,590 അനധികൃത പ്രചാരണ സാമഗ്രികൾ കഴിഞ്ഞദിവസങ്ങളിൽ ജില്ലാ ഭരണകൂടം നീക്കം ചെയ്തു.
സംസ്ഥാനത്തു നിലവിൽ 2.54 കോടി വോട്ടർമാരാണുള്ളത്. ഇതാദ്യമായി ഭിന്നലിംഗക്കാർ വോട്ടർപട്ടികയിൽ ഇടം നേടി. 119 പേർ. 18-19 വയസുള്ള വോട്ടർമാർ 2.61 ലക്ഷം പേരാണ്. 35 മുതൽ 50 വരെ വയസുള്ള വോട്ടർമാരാണ് വോട്ടർപട്ടികയിലെ 46 ശതമാനവും. 80 വയസിനു മുകളിലുള്ളവർ വെറും അഞ്ചു ശതമാനമാണെന്നും ടിക്കാറാം മീണ പറഞ്ഞു.
ദെെവത്തിന്റെയും മതത്തിന്റെയും പേരിൽ വോട്ടഭ്യർഥന പാടില്ല
ദൈവത്തിന്റെയും മതത്തിന്റെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ടഭ്യർഥിക്കുന്നതു തെരഞ്ഞെടുപ്പു ചട്ടലംഘനമാണ്. ബന്ധപ്പെട്ട ചിത്രങ്ങളും ഉപയോഗിക്കാൻ പാടില്ല. മന്ത്രിമാർ ഒൗദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കരുത്.
കോളജുകളിലെ വോട്ടുതേടൽ പെരുമാറ്റച്ചട്ട ലംഘനം: മീണ
01:26 AM Mar 21, 2019 | Deepika.com