കൊച്ചി: എറണാകുളം മുനന്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അനധികൃത കുടിയേറ്റമാണു നടന്നതെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ പ്രഥമദൃഷ്ട്യാ വ്യക്തമായെന്നു ചൂണ്ടിക്കാട്ടി പോലീസ് ഹൈക്കോടതിയിൽ വിശദീകരണ പത്രിക സമർപ്പിച്ചു. വിദേശത്തേക്കു കടന്നവർ ആരുടെയും നിർബന്ധത്തിനോ ഭീഷണിക്കോ വഴങ്ങിയല്ല പോയത്. ഇവരെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും തട്ടിപ്പു നടത്തിയോയെന്നും അറിയാൻ ബോട്ടിൽ വിദേശത്തേക്കു കടന്നവരെ കണ്ടെത്തി ചോദ്യം ചെയ്യണം.
ഇതിനായി കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ സഹായം തേടിയിട്ടും ഇതുവരെ ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും എറണാകുളം റൂറൽ അഡി. എസ്പി എം.ജെ. സോജൻ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു. ബോട്ടിൽ കടന്നവരിൽ ഏറെയും ഡൽഹിയിൽ താമസമാക്കിയ തമിഴ്നാട്ടുകാരാണ്. ചിലർ ശ്രീലങ്കൻ വംശജരുമാണ്. ഇവരിൽ പലരുടെയും ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും വിദേശത്തേക്കു കുടിയേറി അവിടെ താമസമാക്കിയവരാണ്.
ദയാ മാതാ-2 എന്ന ബോട്ടിലാണു സംഘം പോയത്. ഈ ബോട്ട് ഒരുകോടി രൂപ നൽകിയാണ് അനിൽകുമാറും ഒന്നാം പ്രതി ശ്രീകാന്തനും ചേർന്നു വാങ്ങിയത്. അനിൽ കുമാറിനെ ജനുവരി 25ന് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശികളായ പ്രഭുവും രവിയുമാണ് ഇതിന്റെ സൂത്രധാരന്മാർ. ശ്രീലങ്കൻ സ്വദേശിയായ ശ്രീകാന്തനുമായി ചേർന്നു ഗൂഢാലോചന നടത്തി ഇവർ ഇടനിലക്കാരായി പ്രവർത്തിച്ചു. ഇവരെയും ജനുവരി 25ന് അറസ്റ്റ് ചെയ്തു.
ശ്രീകാന്തന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ശ്രീലങ്കൻ, ഇന്ത്യൻ പാസ്പോർട്ടുകൾ, ഫ്ളൈറ്റുകളിലെ ബോർഡിംഗ് പാസുകൾ, ബാങ്ക് പാസ് ബുക്കുകൾ തുടങ്ങി 50 രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഓരോ യാത്രക്കാരിൽനിന്ന് ഇവർ മൂന്നു ലക്ഷം രൂപ വീതം വാങ്ങിയിരുന്നു. ഇവരെ കണ്ടെത്താൻ ഓസ്ട്രേലിയൻ ഫെഡറൽ പോലീസും ന്യൂസിലാൻഡ് സർക്കാരനും ജാഗ്രത പാലിക്കുന്നുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. ജനുവരി 12നു മുനന്പം മാല്യങ്കര ബോട്ട് ജെട്ടിയിൽനിന്ന് ഒരു ബോട്ടിൽ സ്ത്രീകളും കുട്ടികളുമടക്കം 87 പേർ വിദേശത്തേക്കു കടന്നെന്നാണു കേസ്.
ഡിജിപി തിരുവനന്തപുരത്ത് ഇന്നു യോഗം വിളിച്ചിട്ടുണ്ടെന്നും കൊച്ചി റേഞ്ച് ഐജി, റൂറൽ എസ്പി തുടങ്ങിയവർ ഇതിൽ പങ്കെടുക്കുമെന്നും സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചു.
മനുഷ്യക്കടത്ത് കേസിലെ മൂന്നാം പ്രതി ഡൽഹി സ്വദേശി രവി, ഏഴാം പ്രതി തിരുവനന്തപുരം വെങ്ങാന്നൂർ സ്വദേശി അനിൽ കുമാർ എന്നിവർ നൽകിയ ജാമ്യാപേക്ഷകൾ ഇതേത്തുടർന്നു വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
മുനന്പം മനുഷ്യക്കടത്ത് കേസ് : വിദേശത്തേക്കു കടന്നവരെ കിട്ടിയില്ലെന്നു പോലീസ്
01:54 AM Mar 20, 2019 | Deepika.com