തിരുവനന്തപുരം: മലങ്കര സഭാതർക്ക വിഷയത്തിൽ യാക്കോബായ വിഭാഗവുമായി മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷനായുള്ള മന്ത്രിസഭാ ഉപസമിതി ചർച്ച നടത്തി. ഓർത്തഡോക്സ് വിഭാഗം ചർച്ചയിൽ പങ്കെടുത്തില്ല. യാക്കോബായ വിഭാഗവുമായി മസ്കറ്റ് ഹോട്ടലിലാണ് ചർച്ച നടത്തിയത്.സഭാ തർക്കം പരിഹരിക്കുന്നത് സംബന്ധിച്ച് സഭയുടെ നിലപാടുകൾ സർക്കാരിനെ ബോധ്യപ്പെടുത്തിയതായി സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ.ഏലിയാസ് പറഞ്ഞു.
ചില അനുബന്ധ രേഖകൾ സർക്കാർ ആവശ്യപ്പെട്ടതായും ഇതു സമർപ്പിക്കുന്ന മുറയ്ക്ക് തുടർ ചർച്ചകൾ ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചതായി യാക്കോബായ സഭാ പ്രതിനിധികൾ പറഞ്ഞു. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എ.കെ ശശീന്ദ്രൻ എന്നിവരാണ് മന്ത്രിസഭാ ഉപസമിതിയിലെ മറ്റംഗങ്ങൾ.
യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മെത്രാപ്പോലീത്താമാരായ തോമസ് മാർ തിമോത്തിയോസ്, ജോസഫ് മാർ ഗ്രീഗോറിയോസ് , കുര്യാക്കോസ് മാർ തെയോഫിലോസ്, യൂഹാനോൻ മാർ മിലിത്തിയോസ് , റവ. സ്ലീബാ പോൾ വട്ടവേലിൽ കോർഎപ്പിസ്കോപ്പ, കമാൻഡർ സി. കെ ഷാജി ചുണ്ടയിൽ, അഡ്വ. പീറ്റർ കെ. ഏലിയാസ് എന്നിവർ പങ്കെടുത്തു.
സഭാതർക്കപരിഹാരം: യാക്കോബായ വിഭാഗവുമായി മന്ത്രിസഭാ ഉപസമിതിയുടെ ചർച്ച
01:54 AM Mar 20, 2019 | Deepika.com