തിരുവനന്തപുരം: സംസ്ഥാനത്തെ 20 പാർലമെന്റ് നിയോജക മണ്ഡലങ്ങളിലും ശില്പശാലകൾ സംഘടിപ്പിക്കുമെന്ന് കെപിസിസി പബ്ലിസിറ്റി കമ്മിറ്റി വിഭാഗം ചെയർമാൻ വി.എസ്. ശിവകുമാർ എംഎൽഎ അറിയിച്ചു. ഓരോ പാർലമെന്റ് നിയോജകമണ്ഡലത്തിലും പബ്ലിസിറ്റി കമ്മിറ്റി ചെയർമാനെയും കണ്‍വീനറെയും കൂടാതെ ഡിസിസികളിൽ നിന്നു രണ്ടു കോ-ഓർഡിനേറ്റർമാരെയും ഇതിനായി നിയമിച്ചു.
പബ്ലിസിറ്റി പ്രചാരണ വിഭാഗം കമ്മിറ്റികളിലെ അംഗങ്ങളുടെയും ഡിസിസി കോ-ഓർഡിനേറ്റർമാരുടെയും നേതൃത്വത്തിലായിരിക്കും ഓരോ പാർലമെന്റ് നിയോജകമണ്ഡലത്തിലെയും പ്രവർത്തനങ്ങൾ. നേരത്തെ നടന്ന സംസ്ഥാനതല ശില്പശാലയിൽ പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകി.പാർലമെന്റുതല ശിൽപശാലയിൽ ഓരോ നിയോജകമണ്ഡലത്തിൽ നിന്നുമുള്ള ചെയർമാൻമാർ, കണ്‍വീനർമാർ, 10 പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 140 അസംബ്ലി നിയോജകമണ്ഡലങ്ങളിലും പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബൂത്ത് പ്രസിഡന്റുമാരെ സംഘടിപ്പിച്ച് അർധദിന ശില്പശാലകൾ നടത്തും.
പാർട്ടിയുടെ സന്ദേശം, മോദി സർക്കാരിന്റെ ഭരണവിരുദ്ധ നയങ്ങൾ, കോണ്‍ഗ്രസ് അധികാരത്തിൽ വന്നാൽ നടപ്പാക്കുന്ന പദ്ധതികൾ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
പാർലമെന്റ് നിയോജക മണ്ഡലങ്ങളിൽ യുഡിഎഫ് ശില്പശാല
01:18 AM Mar 20, 2019 | Deepika.com