കൊച്ചി: മിന്നൽ ഹർത്താൽ ആഹ്വാനം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്ത സാഹചര്യത്തിൽ യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഉൾപ്പെടെ കോടതിയലക്ഷ്യ നടപടി നേരിടുന്നവരോട് മറുപടി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇതിനായി നാലാഴ്ച സമയവും നൽകി.
മിന്നൽ ഹർത്താൽ നിരോധിച്ച് കഴിഞ്ഞ ജനുവരിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവു നൽകിയത്. ഇതിനു ശേഷം കാസർഗോഡ് പെരിയയിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡീൻ കുര്യാക്കോസ് സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തെന്നും യുഡിഎഫ് കാസർഗോഡ് ജില്ലാ നേതാക്കളായ എം.സി. കമറുദ്ദീനും എം. ഗോവിന്ദൻ നായരും ജില്ലാ ഹർത്താലിന് ആഹ്വാനം ചെയ്തെന്നും വ്യക്തമാക്കി ഇവർക്കെതിരേ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. ഹർത്താൽ അതിക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ ആഹ്വാനം ചെയ്തവരെക്കൂടി പ്രതി ചേർക്കുകയാണെന്ന് സർക്കാർ ഈ ഹർജിയിൽ വിശദീകരണം നൽകിയിരുന്നു.
മിന്നൽ ഹർത്താൽ ആഹ്വാനം: കോടതിയലക്ഷ്യക്കേസിൽ മറുപടി സത്യവാങ്മൂലം നൽകാൻ നിർദേശം
01:26 AM Mar 19, 2019 | Deepika.com