കട്ടപ്പന: അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന നക്ഷത്ര ആമയുമായി അഞ്ചംഗ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പെരുന്പാവൂർ കല്ലുകൂട്ടത്തിൽ കെ.എം. മോഹനൻ(59), കൊട്ടാരക്കര കോണത്തുപറന്പിൽ എസ്. ലാലു(53), കുമളി ചെങ്കര കൊല്ലംപറന്പിൽ ജയിംസണ്‍ ജോസഫ്(44), സഹോദരങ്ങളായ ഉപ്പുതറ പുത്തൻപുരയ്ക്കൽ മുത്തുരാജ്(37), മോഹനൻ(30) എന്നിവരാണ് കട്ടപ്പന പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽനിന്നു പിടിയിലായത്.
ഇവരുടെ പക്കൽ നക്ഷത്ര ആമ ഉള്ളതായി വനംവകുപ്പ് ഇന്റലിജൻസിനു രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ആവശ്യക്കാരെന്ന വ്യാജേന സംഘത്തെ സമീപിച്ചു. വിവരമറിയിച്ചതനുസരിച്ചു ലോഡ്ജിലെത്തിയ സംഘത്തെ വനംവകുപ്പ് കട്ടപ്പന, കാഞ്ചിയാർ ഫ്ളൈയിംഗ് സ്ക്വാഡ് ഇന്നലെ ഉച്ചയോടെ പിടികൂടുകയായിരുന്നു. ഒരാഴ്ചയിലധികമായി ഇവർ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.
തമിഴ്നാട്ടിൽനിന്നാണ് നക്ഷത്ര ആമയെ ലഭിച്ചതെന്നു പ്രതികൾ മൊഴിനൽകി. കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ച പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻ.എ. മനോജ്, ഫ്ളൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരായ പി.കെ. അനീഷ്കുമാർ, വി.എസ്. മനോജ്, ഷിനോജ്മോൻ ജോസുകുട്ടി, വി.ജെ. ജിജോ, പി.കെ. രാജൻ, ഉണ്ണികൃഷ്ണൻ മണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
കട്ടപ്പനയിൽ നക്ഷത്ര ആമയുമായി അഞ്ചംഗ സംഘം പിടിയിൽ
01:26 AM Mar 19, 2019 | Deepika.com