കണ്ണൂർ: ഒരു തീവ്രവാദ പ്രസ്ഥാനത്തിന്റെയും വോട്ട് യുഡിഎഫിനു വേണ്ടെന്നു യുഡിഎഫ് പാർലമെന്ററി പാർട്ടി ഉപനേതാവും മുസ്ലിം ലീഗ് നേതാവുമായ ഡോ. എം.കെ. മുനീർ. തെരഞ്ഞെടുപ്പ് ഗോദയിൽനിന്നു കൊണ്ടുതന്നെ ഇക്കാര്യം പറയാൻ ആഗ്രഹിക്കുകയാണ്.
എസ്ഡിപിഐയുടെ സഹായത്താൽ കേരളത്തിലെ ഏതെങ്കിലും യുഡിഎഫ് സ്ഥാനാർഥി ജയിച്ചുവരുന്നതിനേക്കാൾ നല്ലതു പാർട്ടി പിരിച്ചുവിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം കൺവൻഷൻ സാധു ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസിനെ എതിർക്കുന്നതു പോലെ തന്നെ എസ്ഡിപിഐയെയും എതിർക്കുകയാണ്. മുസ്ലിം ലീഗ് തീവ്രവാദ സംഘടനയുമായി ധാരണയുണ്ടായിട്ടുണ്ടെന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായ സിപിഎം പ്രചാരണം നടത്തുകയാണ്. ഇത് ഇവരുടെ പുതിയ ആയുധമാണ്. ആരെങ്കിലും വഴിയെ പോകുന്നവർ കൈകുലുക്കിയാൽ നഷ്ടപ്പെടുന്ന ആദർശമല്ല ഞങ്ങളുടേത്. വർഗീയതയെയും തീവ്രവാദത്തെയും ഒരുപോലെ നേരിടും. മതേതര ജനാധിപത്യവോട്ടുകൾ മാത്രം സ്വാംശീകരിച്ചാൽ കേരളത്തിൽ ഇരുപതിൽ 20 സീറ്റും യുഡിഎഫിനു ലഭിക്കുമെന്നും മുനീർ പറഞ്ഞു.
യുഡിഎഫിന് തീവ്രവാദ പ്രസ്ഥാനത്തിന്റെ വോട്ട് വേണ്ട: മുനീർ
01:09 AM Mar 19, 2019 | Deepika.com