കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി, ചാലക്കുടി സീറ്റുകളിലൊന്ന് ആവശ്യപ്പെടുമെന്ന് കേരള കോണ്ഗ്രസ് ജേക്കബ്. 26ന് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്നും ഇക്കാര്യം നേതൃത്വം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ കൊച്ചിയിൽ പറഞ്ഞു.
ഇടുക്കിയിൽ വിജയസാധ്യത കൂടുതലാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഇടുക്കിയും ചാലക്കുടിയും തിരിച്ചുപിടിക്കാൻ കഴിയും. യുഡിഎഫിലെ ആഭ്യന്തര പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിനു മുന്പ് തന്നെ പരിഹരിക്കും. പെരിയയിലെ ഇരട്ടകൊലപാതകം ഇത്തവണ തെരഞ്ഞെടുപ്പിൽ മുഖ്യ വിഷയമാകും. 16നു മുകളിൽ സീറ്റ് ഇത്തവണ യുഡിഎഫിന് നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ ഉപഭോക്തൃ കോടതികളിലെ പ്രവർത്തനങ്ങൾ നിശ്ചലാവസ്ഥയിലാണെന്ന് അനൂപ് ജേക്കബ് കുറ്റപ്പെടുത്തി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽ അംഗങ്ങളുടെ ഒഴിവുകൾ ഇനിയും നികത്തിയിട്ടില്ല. കമ്മീഷൻ അംഗങ്ങളുടെ ഒഴിവ് നികത്താൻ സർക്കാർ അടിയന്തരമായ നടപടി സ്വീകരിക്കണം.
ജില്ലാ സഹകരണ ബാങ്കുകളിൽനിന്ന് എടുത്തിട്ടുള്ള വായ്പകളുടെ പേരിലുള്ള ജപ്തി നടപടികൾ നിർത്തിവയ്ക്കാനുള്ള നടപടി സ്വീകരിക്കണം. വായ്പ തിരിച്ചടയ്ക്കാനുള്ള സാവകാശം സാധാരണക്കാർക്ക് നൽകണമെന്നും കർഷകർ എടുത്തിട്ടുള്ള കാർഷികേതര വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അനൂപ് ജേക്കബ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇടുക്കി, ചാലക്കുടി സീറ്റുകളിലൊന്ന് ആവശ്യപ്പെടും: അനൂപ് ജേക്കബ്
01:11 AM Feb 24, 2019 | Deepika.com