കോട്ടയം: അധ്യാപകരുടെ അക്കാദമിക-സർവീസ് മികവും വിവരങ്ങളും ഉൾക്കൊള്ളിക്കാവുന്ന സന്പൂർണ പോർട്ടൽ എംജി സർവകലാശാലയിൽ ആരംഭിച്ചു. കോളജ് അധ്യാപകർക്കും പഠനവകുപ്പുകളിലെ അധ്യാപകർക്കുമായി ആരംഭിച്ച പോർട്ടൽ 25 മുതൽ പ്രവർത്തനക്ഷമമാകും. സർവകലാശാല വെബ്സൈറ്റിലെ ലിങ്ക് വഴി പോർട്ടലിലേക്ക് പ്രവേശിക്കാം. അധ്യാപകർക്ക് നൽകുന്ന യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. സർവീസ് വിവരങ്ങളും അക്കാദമിക മികവടക്കമുള്ള വിവരങ്ങളും അധ്യാപകർ പോർട്ടലിൽ നൽകണം.
അധ്യാപകർ നടത്തുന്ന അപ്ഡേഷനുള്ള അനുമതി പ്രിൻസിപ്പലാണ് ചെയ്യുക. അധ്യാപകർ ചെയ്യുന്ന മൂല്യനിർണയമടക്കമുള്ള പ്രവൃത്തികൾ ഇതിൽ ഉൾക്കൊള്ളിക്കും. പോർട്ടലിലെ വിവരങ്ങൾ അനുസരിച്ചാണ് 2019-20 അധ്യയന വർഷം മൂല്യനിർണയത്തിനു അധ്യാപകരെ നിയോഗിക്കുക. ഓരോ സെമസ്റ്ററിലും അധ്യാപകർ പഠിപ്പിക്കുന്ന വിഷയമടക്കമുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. അപ്ഡേഷൻ നടന്നാലേ വിദ്യാർഥികളുടെ സെമസ്റ്റർ രജിസ്ട്രേഷനുള്ള ലിങ്ക് ലഭ്യമാകൂ. ജൂണിലും ഡിസംബറിലും അപ്ഡേഷനുള്ള അവസരം പോർട്ടലിൽ ലഭ്യമാകും.
എംജിയിൽ അധ്യാപകർക്കായി പോർട്ടൽ
12:41 AM Feb 24, 2019 | Deepika.com