തിരുവനന്തപുരം: സംസ്ഥാനത്തെ 1000 യുവകലാകാരൻമാർക്കു വജ്രജൂബിലി ഫെലോഷിപ്പ് ഏർപ്പെടുത്തുമെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അറിയിച്ചു. 27ന് വൈകുന്നേരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സർക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടിയുടെ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
ഇന്ത്യയിൽ ആദ്യമായാണ് ആയിരം യുവകലാകാരൻമാർക്ക് ഫെലോഷിപ്പ് നൽകുന്നത്. ഗദ്ദിക, കേരള നടനം, കഥകളി, നാടകം. മാർഗംകളി, വനിതാ പൂരക്കളി എന്നിവയടക്കം മുപ്പതിലധികം കലകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സാംസ്കാരിക വകുപ്പിന്റെ പതിനായിരം രൂപയും തദ്ദേശ വകുപ്പിന്റെ 5000 രൂപയും ചേർത്ത് 15,000 രൂപയാണ് ഫെലോഷിപ്പ്. രണ്ടു വർഷം ഫെലോഷിപ്പ് ലഭിക്കും.
ഈ കലാകാരൻമാരുടെ സേവനം ശനി, ഞായർ ദിവസങ്ങളിൽ പ്രയോജനപ്പെടുത്തി സ്കൂളുകളിൽ കുട്ടികൾക്കു പരിശീലനം നൽകുന്നതും പരിഗണിക്കുന്നുണ്ട്. കലോൽസവങ്ങളിൽ പങ്കെടുക്കുന്നതിന് കുട്ടികൾക്ക് പരിശീലനം ഇതുവഴി ലഭ്യമാക്കാനാകും. ബ്ലോക്ക്- നഗരസഭകൾ കേന്ദ്രീകരിച്ച് 15 കലാകാരൻമാരുടെ സംഘം ഉണ്ടാവും. ഇവർ അവതരിപ്പിക്കുന്ന സമഭാവന എന്ന പരിപാടി 27ന് സെൻട്രൽ സ്റ്റേഡിയത്തിൽ അരങ്ങേറുമെന്നും മന്ത്രി അറിയിച്ചു.
1000 യുവകലാകാരൻമാർക്ക് വജ്രജൂബിലി ഫെലോഷിപ്പ്
12:41 AM Feb 24, 2019 | Deepika.com