തൃശൂർ: ‘ശ്രീ. പിണറായി വിജയൻ, ബഹു.കേരള മുഖ്യമന്ത്രി, ക്ലിഫ്ഹൗസ്, തിരുവനന്തപുരം’ എന്ന വിലാസത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വാഴപ്പിണ്ടി അയച്ചു. യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും തൃശൂരിൽ നടന്ന വാഴപ്പിണ്ടി സമരത്തിനു നേതൃത്വം നൽകിയയാളുമായ തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ജോണ്‍ ഡാനിയേലാണ് മുഖ്യമന്ത്രിക്കെതിരേ വാഴപ്പിണ്ടി ചലഞ്ചുമായി രംഗത്തെത്തിയത്. വാഴപ്പിണ്ടി സമരത്തിനെതിരേ മുഖ്യമന്ത്രി ഫേയ്സ്ബുക്ക് പോസ്റ്റിട്ടതിനെത്തുടർന്നാണ് യൂത്ത് കോണ്‍ഗ്രസ് വാഴപ്പിണ്ടി സമരം ശക്തമാക്കാൻ തീരുമാനിച്ചത്.
പെരിയ ഇരട്ടക്കൊലപാതകങ്ങളിൽ സാഹിത്യ -സാംസ്കാരിക നായകർ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും തൃശൂരിൽ കേരള സാഹിത്യ അക്കാദമിയിൽ ചെന്നു പ്രസിഡന്റിന്റെ കാറിലും അക്കാദമി ബോർഡിലുമെല്ലാം വാഴപ്പിണ്ടികൾ സ്ഥാപിച്ചിരുന്നു. സാഹിത്യ-സാംസ്കാരിക നായകർ അവരുടെ നട്ടെല്ല് എകെജി സെന്ററിൽ പണയം വച്ചെന്നു പരിഹസിച്ചാണ് വാഴപ്പിണ്ടി സമർപ്പിച്ചത്. ഇതിനെ മുഖ്യമന്ത്രി കഴിഞ്ഞദിവസം നിശിതമായി വിമർശിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ ‘വാഴപ്പിണ്ടി’ക്ലിഫ് ഹൗസിലേക്കും
01:56 AM Feb 23, 2019 | Deepika.com