കൊച്ചി : ഇമാം പീഡിപ്പിച്ചെന്ന കേസിൽ ഇരയായ പത്താംക്ലാസ് വിദ്യാർഥിനിയെ വിട്ടുകിട്ടാൻ അമ്മ നൽകിയ അപേക്ഷ തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി മൂന്നു ദിവസത്തിനകം പരിഗണിച്ച് തീർപ്പാക്കാൻ ഹൈക്കോടതി നിർദേശം നൽകി. പെൺകുട്ടിയെ വിട്ടുകിട്ടാൻ അമ്മ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
പെൺകുട്ടിയെ കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ഇമാം പീഡിപ്പിച്ചെന്നാണു കേസ്. കുട്ടിയെ അധികൃതർ ഷെൽട്ടർ ഹോമിലേക്കു മാറ്റിയിരുന്നു. പത്താം ക്ലാസ് പരീക്ഷ മാർച്ച് അഞ്ചിന് തുടങ്ങാനിരിക്കുകയാണ്. കുട്ടിക്ക് കുടുംബത്തിന്റെ പിന്തുണ ആവശ്യമുള്ള സമയമാണിതെന്നും കുട്ടിയെ വിട്ടുകിട്ടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണ് ശിശുക്ഷേമ സമിതിയോട് അമ്മയുടെ അപേക്ഷ പരിഗണിച്ച് തീർപ്പാക്കാൻ കോടതി നിർദേശിച്ചത്. അതുവരെ അമ്മയ്ക്കും സഹോദരിക്കും മുത്തച്ഛനും മുത്തശ്ശിക്കും എല്ലാ ദിവസവും വൈകിട്ട് അഞ്ചിനും ആറിനുമിടയ്ക്ക് കുട്ടിയെ സന്ദർശിക്കാം. കുട്ടിയുടെ പഠനവും പരീക്ഷയും മുടങ്ങുന്നില്ലെന്ന് ശിശുക്ഷേമ സമിതി ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
ഇമാം പീഡിപ്പിച്ചെന്ന കേസ്: ഇരയെ വിട്ടുകിട്ടാനുള്ള അപേക്ഷ തീർപ്പാക്കാൻ കോടതി നിർദേശം
01:56 AM Feb 23, 2019 | Deepika.com