തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യഗഡുവിനായി അപേക്ഷിക്കുന്നതിന് ഇന്നലെ വരെയായിരുന്നു സമയപരിധി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍. അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും കൃഷിഭവന് മുഖാന്തിരം ഇതിനായി അപേക്ഷിക്കാന്‍ മാര്‍ച്ച് 31 വരെ അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യഗഡു (2000 രൂപ) വിന്റെ കാലാവധി 2018 ഡിസംബര്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയാണ്. 2019 മാര്‍ച്ച് 31 വരെ അപേക്ഷിക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ പണം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ആയി ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള കാലാവധി തീരുന്നു എന്നു പ്രചരിപ്പിക്കുന്നത് കര്‍ഷകര്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ആദ്യഗഡുവിനായുള്ള അപേക്ഷ സമര്‍പ്പണം ഇന്നലെ പൂര്‍ത്തിയാക്കണമെന്ന ഒരു നിര്‍ദേശവും കൃഷി ഡയറക്ടറേറ്റോ കൃഷി മന്ത്രാലയമോ താഴേ തട്ടിലേക്ക് നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
രണ്ടു ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ള കുടുംബത്തിന് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം 24 ന് രാവിലെ 10 ന് വൈക്കം തലയാഴത്തു നടത്തും.
അപേക്ഷ കര്‍ഷകര്‍ സ്വന്തം കൃഷിസ്ഥലം സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ കൃഷി ഭവനിലാണ് പൂരിപ്പിച്ചു നല്‍കേണ്ടത്. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആനുകൂല്യം ലഭിക്കുകയും കര്‍ഷക ഡേറ്റാ ബാങ്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരിലേക്ക് സന്ദേശം ലഭിക്കുകയും ചെയ്യും.
2018 ഡിസംബര്‍ ഒന്നുമുതലാണു കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നാല് മാസത്തിലൊരിക്കല്‍ മൂന്ന് തുല്യ ഗഡുക്കളായി അക്കൗണ്ടില്‍ ലഭിക്കും. കര്ഷകന്, ഭാര്യ, അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കുടുംബം.
കിസാന്‍ സമ്മാന്‍ നിധി ആദ്യ ഗഡുവിനായി മാര്‍ച്ച് 31 വരെ അപേക്ഷിക്കാം: കൃഷി മന്ത്രി
02:08 AM Feb 21, 2019 | Deepika.com