പത്തനംതിട്ട: വില്ലേജ് ഓഫീസുകളിൽ നികുതി സ്വീകരണം ഉൾപ്പെടെയുള്ള ജോലികൾ സംസ്ഥാന വ്യാപകമായി തടസപ്പെട്ടു. സെർവർ തകരാറു കാരണം വില്ലേജ് ഓഫീസുകളിൽനിന്നുള്ള സർട്ടിഫിക്കറ്റുകളും ഇന്നലെ നൽകാനായില്ല.
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്കടക്കം അപേക്ഷ നൽകാനായി കരം അടയ്ക്കാൻ എത്തിയവരാണ് പ്രതിസന്ധിയിലായത്. സാന്പത്തിക വർഷാവസാനം കൂടി ആയതിനാൽ നികുതി അടയ്ക്കുന്നതിനു വില്ലേജ് ഓഫീസുകളിൽ വൻ തിരക്കാണ് ഈ ദിവസങ്ങളിൽ. ഇതോടെയാണ് ഡാറ്റാ സെന്ററിൽ തകരാറുണ്ടായതെന്നു പറയുന്നു. വളരെ കുറച്ച് ആളുകളിൽനിന്നു മാത്രമേ കരം സ്വീകരിക്കാൻ കഴിഞ്ഞിട്ടുള്ളൂ.
കരം സ്വീകരിക്കൽ ഓണ്‍ലൈൻ ആക്കിയതോടെ സർവേ നന്പർ, തണ്ടപ്പേര് തുടങ്ങി എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടായാൽ കരം സ്വീകരിക്കാനാകില്ല. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചു മാത്രമേ മുന്നോട്ടു പോകാനാകൂ. രേഖകളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഇതു പരിഹരിക്കേണ്ടതു താലൂക്ക് ഓഫീസിൽനിന്നാണ്. ഓണ്‍ലൈനിലൂടെ മാത്രമേ ഇതു പരിഹരിക്കാനാകൂ. തണ്ടപ്പേര് സംബന്ധിച്ച പ്രശ്നങ്ങളും മറ്റും പരിഹരിക്കാൻ കാലതാമസമുണ്ടാകുന്നുണ്ട്. ഇക്കാലയളവിൽ കരം സ്വീകരിക്കാനും ആകില്ല. വിവിധ ആവശ്യങ്ങൾക്ക് കരം അടച്ച രസീത് ഹാജരാക്കേണ്ടവരാണ് ഇതോടെ പ്രതിസന്ധിയിലായത്. റീ സർവേ പൂർത്തിയായ എല്ലാ വില്ലേജുകളിലും ഓണ്‍ലൈനിലൂടെ മാത്രമേ കരം സ്വീകരിക്കാവൂവെന്നാണ് ഉത്തരവ്.
സെർവർ ചതിച്ചു; വില്ലേജ് ഓഫീസുകളിൽ നികുതി അടയ്ക്കൽ തടസപ്പെട്ടു
02:08 AM Feb 21, 2019 | Deepika.com