തൃശൂർ: ഇൻവെർട്ടർ, ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ തുടങ്ങിയവയ്ക്ക് ഇനി വളരെ ചെറിയ ബാറ്ററി മതിയാകും, ആയുസ് ഇരട്ടിയോളം. ഇത്തരം ആവശ്യങ്ങൾക്കു ലിഥിയം അയോണ്‍ (എൽഎഫ്പി) ബാറ്ററി രംഗത്തിറക്കുകയാണ് ഹൈക്കോണ്‍. ഇതാദ്യമായാണ് ഇത്തരം ആവശ്യങ്ങൾക്ക് വളരെ ചെറിയയിനം എൽഎഫ്പി ബാറ്ററി വിപണിയിലെത്തുന്നതെന്ന് ഹൈക്കോണ്‍ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റോ ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യൻ മാർക്കറ്റിൽ ബ്രാൻഡഡ് ഇൻവെർട്ടറുകൾ ആദ്യമായി അവതരിപ്പിച്ച ഹൈക്കോണ്‍ ഇന്ത്യയുടെ നാലാമത്തെ നിർമാണ യൂണിറ്റിലാണ് എൽഎഫ്പി ബാറ്ററി ഉത്പാദിപ്പിക്കുന്നത്. യൂണിറ്റിന്റെ ഉദ്ഘാടനം നാളെ കുട്ടനെല്ലൂരിൽ വൈദ്യുതിമന്ത്രി എം.എം മണി നിർവഹിക്കും. മേയർ അജിത വിജയൻ അധ്യക്ഷയാകും. ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ മുഖ്യപ്രഭാഷണം നടത്തും.
പവർ ഇലക്ട്രോണിക്സ്, സോളാർ ആൻഡ് ലിഥിയം അയോണ്‍ ബാറ്ററി ബിസിനസ്, നിർമാണ വിതരണമേഖലയിൽ പ്രമുഖരാണ് ഹൈക്കോണ്‍. പുതുതായി വികസിപ്പിച്ചെടുത്ത ബാറ്ററി ഫോർക്ക് ലിഫ്റ്റ്, ഓട്ടോമാറ്റിക് ഗൈഡഡ് വെഹിക്കിൾസ് (എ.ജി.വി), ഇലക്ട്രിക് ഓട്ടോ, ഇ-റിക്ഷ, ടെലികോം, സോളാർ ആപ്ലിക്കേഷൻസ് തുടങ്ങിയവയുടെ പ്രവർത്തനത്തിന് ഉപയോഗിക്കാം. മികച്ച പ്രവർത്തനക്ഷമത ഉള്ളതിനാൽ ഇൻവെർട്ടറുകളിലും യുപിഎസിലും ഇപ്പോൾ ഉപയോഗിക്കുന്ന ലെഡ് ആസിഡ് ബാറ്ററികൾക്കു പകരം ലിഥിയം അയോണ്‍ ബാറ്ററികൾ ഉപയോഗിച്ച് ഇലക്ട്രിസിറ്റി ബില്ലുകൾ കുറയ്ക്കാം.
ഹൈക്കോണ്‍ ലൈഫ് സീരീസ് ലിഥിയം അയോണ്‍ ബാറ്ററി പാക്കുകൾ ഒരു മണിക്കൂർ കൊണ്ട് മുഴുവനായി ചാർജ് ചെയ്യാം. സാധാരണ ബാറ്ററിയുടെ മൂന്നിലൊന്നു ഭാരവും വലിപ്പവും മാത്രമുള്ള ബാറ്ററി, ഒരു മണിക്കൂർ കൊണ്ട് മുഴുവനായി ചാർജ് ചെയ്തോ, പല സമയത്ത് ആവശ്യാനുസരണം ചാർജ് ചെയ്തോ ഉപയോഗിക്കാം. കുട്ടനെല്ലൂരിലെ യൂണിറ്റിന്റെ വാർഷിക ഉത്പാദന ശേഷി 36,000 ബാറ്ററി പാക്കുകളാണ്. ഉദ്ഘാടന ദിവസം 100 ജീവനക്കാർ രക്തദാനം നടത്തും.
വൈസ് പ്രസിഡന്റ് ആർ. ഹരികുമാർ, ജനറൽ മാനേജർ മഹേശ്വരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാഹനങ്ങൾക്കു ചെറിയ ബാറ്ററിയുമായി ഹൈക്കോണ്‍
01:14 AM Feb 21, 2019 | Deepika.com