കായംകുളം: ബൈക്ക് യാത്രികനായ യുവാവ് ടാങ്കർ ലോറിക്കടിയിൽപ്പെട്ടു മരിച്ചു. ചുനക്കര കൊച്ചയ്യത്ത് സ്വപ്ന ഭവനത്തിൽ സോമൻ നായരുടെ മകൻ സൂരജ് (21) ആണ് മരിച്ചത്.
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആറാട്ടുപുഴ വലിയഴീക്കൽ പുത്തൻപറന്പിൽ സുധീഷ് (28) റോഡിലേക്ക് തെറിച്ചു വീണു പരിക്കേറ്റു.
കായംകുളം പോസ്റ്റ് ഓഫീസിലേക്കു പോകും വഴിയായിരുന്നു അപകടം. കെ.പി. റോഡിൽ കാദീശാപള്ളിക്കു സമീപം ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. റോഡരുകിലെ കുഴിയിൽ നിരത്തിയിരുന്ന കല്ലുകളിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പിന്നാലെവന്ന ടാങ്കർ ലോറിയിൽ തട്ടി മറിയുകയും ബൈക്കോടിച്ച സൂരജ് ടാങ്കർ ലോറിയുടെ അടിയിൽപെടുകയുമായിരുന്നു. സുധീഷ് റോഡിന്റെ എതിർവശത്തേക്കു വീണതിനാൽ പരുക്കുകളോടെ രക്ഷപ്പെട്ടു.
ഉടൻ തന്നെ ഇരുവരെയും കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സൂരജിന്റെ ജീവൻ രക്ഷിക്കാനായില്ല. സൂരജിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ് മണിയമ്മ. സഹോദരി സ്വപ്ന.
ബൈക്ക് യാത്രികൻ ടാങ്കറിനടിയിൽപ്പെട്ടു മരിച്ചു
01:06 AM Feb 21, 2019 | Deepika.com