തിരുവനന്തപുരം: സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ മാധ്യമ അവാർഡിനു ദീപിക കൊച്ചി ന്യൂസ് എഡിറ്റർ എം. റോയ് അർഹനായി. സൺഡേ ദീപികയിൽ പ്രസിദ്ധീകരിച്ച ‘കുടുംബം പുലർത്തിയ പശുക്കൾ’ എന്ന ഫീച്ചറിനാണ് 25,000 രൂപയും ഫലകവുമടങ്ങിയ അവാർഡ്. ദീപിക തിരുവനന്തപുരം ലേഖകൻ റിച്ചാർഡ് ജോസഫിന് അച്ചടി മാസിക വിഭാഗത്തിൽ മികച്ച ലേഖനത്തിനുള്ള പ്രത്യേക പരാമർശം.
1990 ൽ ദീപികയിൽ ചേർന്ന എം. റോയിക്കു വി.കെ. മാധവൻകുട്ടി അവാർഡ്, പ്രഥമ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ പുരസ്കാരം, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഹരിത പുരസ്കാരം, നാഷണൽ സേഫ്റ്റി കൗണ്‍സിൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ പെരുന്പല്ലൂർ അയ്യങ്കുഴയ്ക്കൽ ജോൺ-റോസമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: മിസി. മക്കൾ: അന്ന, അമിത്.
ദിനപത്രം വിഭാഗം റിപ്പോർട്ട്: ആർ. അനൂപ് (മാതൃഭൂമി), മാസിക വിഭാഗം മികച്ച ലേഖനം: നാസർ വലിയേടത്ത് (മൂന്നാംമൊഴി മാസിക), ശ്രവ്യം ഫീച്ചർ: ലീന പി. ബേബി (ആകാശവാണി, കോഴിക്കോട്), ദൃശ്യം ഫീച്ചർ: കെ.എൻ. ജിനേഷ് (ജനം ടിവി) എന്നിവരും ക്ഷീരവികസന വകുപ്പിന്റെ അവാർഡിന് അർഹരായി. ദൃശ്യം ഫീച്ചർ വിഭാഗത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ, ദൂരദർശൻ കേന്ദ്രം തിരുവനന്തപുരം പ്രത്യേക പരാമർശം നേടി.
വനംക്ഷീര വികസന മന്ത്രി കെ. രാജു അവാർഡ് പ്രഖ്യാപനം നടത്തി. 23ന് ഉച്ചകഴിഞ്ഞു മൂന്നിന് ആലപ്പുഴ വണ്ടാനം ഗവ ടി.ഡി. മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ഷീരകർഷക പാർലമെന്റിൽ മന്ത്രി ജി. സുധാകരൻ അവാർഡുകൾ സമ്മാനിക്കും.
എം. റോയിക്കു മാധ്യമ അവാർഡ്
01:36 AM Feb 20, 2019 | Deepika.com