കണ്ണൂർ: ചെറുകിട നാമമാത്ര കർഷകർക്കായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ) യുടെ ആദ്യഗഡു ഭൂരിഭാഗം കർഷകർക്കും നഷ്ടമാകും. ആദ്യഗഡുവിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് വൈകുന്നേരം അഞ്ചിന് അവസാനിക്കാനിരിക്കെ വലിയൊരു വിഭാഗം കർഷകർക്കും അപേക്ഷ നൽകാനായിട്ടില്ല. എന്നാൽ, പദ്ധതിയ്ക്കുള്ള അപേക്ഷ സമർപ്പിക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും വരുദിവസങ്ങളിൽ അപേക്ഷിക്കുന്നവർക്ക് രണ്ടും മൂന്നും ഗഡുക്കൾ ലഭ്യമാകുമെന്നും കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.
ഞായറാഴ്ച മുതലാണ് കൃഷിഭവനുകളിൽ അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. ഇതിനായി ഞായറാഴ്ച കൃഷിഭവനുകൾ തുറന്നു പ്രവർത്തിച്ചെങ്കിലും ഈ വിവരം ഭൂരിഭാഗം കർഷകരിലേക്കും എത്തിയില്ല. തിങ്കളാഴ്ച ഹർത്താലായതും തിരിച്ചടിയായി. ഇതോടെ വിവിധ കൃഷിഭവനുകളിൽ ഇന്നലെ അപേക്ഷകരുടെ വൻ തിരക്കായിരുന്നു. മിക്കയിടത്തും വാക്കുതർക്കങ്ങളുമുണ്ടായി. ഭൂവുടമ നേരിട്ട് കൃഷിഭവനിൽ എത്തണമെന്ന നിബന്ധനയാണ് പലയിടത്തും തർക്കങ്ങൾക്ക് കാരണമായത്. അപേക്ഷാ തീയതി ദീർഘിപ്പിക്കുന്നില്ലെങ്കിൽ ആദ്യഗഡു ഭൂരിഭാഗം ആളുകൾക്കും നഷ്ടമാകുന്ന അവസ്ഥയാണ്.
രണ്ടു ഹെക്ടറിൽ താഴെയുള്ള കർഷകർക്ക് രണ്ടായിരം രൂപ വീതം മൂന്നു ഗഡുക്കളായി ആകെ 6000 രൂപ നൽകുന്നതാണ് പദ്ധതി. ആദ്യ ഗഡുവിന്റെ കാലാവധി 2018 ഡിസംബർ ഒന്നുമുതൽ 2019 മാർച്ച് 31 വരെയാണ്. പദ്ധതിയിൽ അംഗമാകുന്നതിന് ഒരു പ്രാവശ്യം രജിസ്റ്റർ ചെയ്താൽ മതി.
സംസ്ഥാന സർക്കാരിന്റെ ലാൻഡ് റിക്കാർഡിൽ ഇക്കഴിഞ്ഞ ഒന്നുവരെ രണ്ടു ഹെക്ടർ കവിയാതെ വിസ്തീർണമുള്ള കൃഷിഭൂമി കൈവശമുള്ള ചെറുകിട കർഷകർക്കാണ് ആനുകൂല്യത്തിന് അർഹത. ഈമാസം 24ന് പ്രധാനമന്ത്രി നേരിട്ട് കർഷകർക്ക് തുക നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
ആനുകൂല്യം വിതരണം ഇങ്ങനെ
*രണ്ടു ഹെക്ടറിൽ കുറയാതെയുള്ള കൃഷിഭൂമിയുള്ള കുടുംബത്തിന് ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്.
*കർഷകൻ, ഭാര്യ, ഇവരുടെ പ്രായപൂർത്തിയാവാത്ത കുട്ടികൾ എന്നിവർ ഉൾപ്പെടുന്നതാണു കുടുംബം.
*സംസ്ഥാന സർക്കാരിന്റെ ലാൻഡ് റിക്കാർഡ് പ്രകാരം 2019 ഫെബ്രുവരി ഒന്നിന് രണ്ട് ഹെക്ടറോ അതിൽ താഴെയോ കൃഷിഭൂമിയുള്ളവർക്കാണ് അർഹത.
അതാത് കൃഷിഭവൻ മുഖേന നൽകുന്ന പ്രത്യേകം അപേക്ഷ പ്രകാരമാണു തുക അനുവദിക്കുക.
* അപേക്ഷകൻ നേരിട്ട് കൃഷി ഓഫീസിൽ ഹാജരാകണം.
ആനുകൂല്യം ലഭിക്കാൻ ആവശ്യമായ രേഖകൾ
*അപേക്ഷകന്റെ ആധാർ കാർഡിന്റെ പകർപ്പ്.
*ഐഎഫ്സി കോഡ് ഉൾപ്പെടെയുള്ള ദേശസാത്കൃത ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്കിന്റെ *ആദ്യ പേജിന്റെ കോപ്പി.
* 2018-19 കാലഘട്ടത്തിൽ ഭൂനികുതി അടച്ച രസീതിന്റെ കോപ്പി.
*അപേക്ഷകർ ഉൾപ്പെടുന്ന റേഷൻ കാർഡിന്റെ കോപ്പി എന്നിവ ഹാജരാക്കണം.
അർഹരല്ലാത്ത കർഷകർ
* സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്നവർ
* സ്വന്തമായി സ്ഥാപനങ്ങളോ കച്ചവടസ്ഥാപനങ്ങളോ ഉള്ളവർ
*ആദായ നികുതി അടയ്ക്കുന്നവർ
* ഭരണഘടനാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരോ മുമ്പ് ജോലി ചെയ്തിട്ടുള്ളവരോ
*മന്ത്രിമാർ, ലോക്സഭാംഗങ്ങൾ, രാജ്യസഭാംഗങ്ങൾ, നിയമസഭാംഗങ്ങൾ, മേയർമാർ, ജില്ലാ പഞ്ചായത്ത് അധ്യക്ഷൻമാർ
*കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും സർവീസിലുള്ളവരും വിരമിച്ചവരും.
*ഇത്തരം സ്ഥാപനങ്ങളിൽനിന്നു വിരമിച്ച് 10,000 രൂപയോ അതിൽ കൂടുതലോ പെൻഷൻ ആനുകൂല്യം ലഭിക്കുന്നവർ.
*പ്രഫഷണൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ ഡോക്ടർമാർ, എൻജിനിയർ, വക്കീൽ ആർക്കിടെക്ട്, ചാർട്ടേഡ് അക്കൗണ്ടന്റ് തുടങ്ങി നിയമാനുസൃതമായി രജിസ്റ്റർ ചെയ്തവർ.
അപേക്ഷാ ഫോം കൃഷിവകുപ്പിന്റെ വെബ്സൈറ്റായ www.keralaagriculture.gov.in നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം.
സംശയനിവാരണത്തിന് ടോൾഫ്രീ നമ്പർ: 1800-425-1661; 1800-180-1551.
വാട്സ് ആപ്പ് നമ്പർ: 9447051661. ഇമെയിൽ: info@krishi.info
സജീവൻ പൊയ്ത്തുംകടവ്
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി : ആദ്യഗഡു സമയപരിധി ഇന്നു തീരും
01:17 AM Feb 20, 2019 | Deepika.com