കോട്ടയം: പ്രേഷിത കുടിയേറ്റത്തിന്റെ ഉജ്വല സ്മരണകളുണർത്തി ക്നാനായ കത്തോലിക്കാ കോണ്ഗ്രസിന്റെ നേതൃത്വത്തിൽ കെസിസിയുടെ 80-ാമത് വാർഷികാഘോഷങ്ങളും ക്നാനായ കുടുംബസംഗമവും കൈപ്പുഴയിൽ സംഘടിപ്പിക്കും. 22 മുതൽ 24 വരെയാണ് ആഘോഷം. ക്നാനായ കാത്തലിക് വിമണ്സ് അസോസിയേഷന്റെയും ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെയും പങ്കാളിത്തത്തോടെയാണ് പരിപാടി.
22നു വാരപ്പെട്ടി സെന്റ് മേരീസ് പള്ളിയിൽ രാവിലെ എട്ടിനു ഫാ. ജോർജ് പുതുപ്പറന്പിലിന്റെ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ തുടക്കമാകും. തുടർന്ന് കെസിസി പ്രഥമ പ്രസിഡന്റായിരുന്ന ഷെവലിയാർ ജോസഫ് കണ്ടോത്തിന്റെ കബറിടത്തിൽനിന്നു തുടങ്ങുന്ന ദീപശിഖാ പ്രയാണം ചുങ്കം, കരിങ്കുന്നം, വെളിയന്നൂർ, അരീക്കര, ഉഴവൂർ എന്നിവടങ്ങളിലൂടെ കടന്നുപോകും. വൈകുന്നേരം നാലിന് ഏറ്റുമാനൂർ സെന്റ് ജോസഫ് പള്ളി അങ്കണത്തിൽ എത്തിച്ചേരും. തുടർന്നു വിവിധ ഫൊറോനകളിൽനിന്നുമുള്ള ആത്മീയ-അത്മായ നേതാക്കളുടെ ഛായാചിത്രങ്ങളും വഹിച്ചുള്ള റാലി സമ്മേളനവേദിയായ കൈപ്പുഴയിലേക്കു നീങ്ങും. അഞ്ചിനു കെസിസി പ്രസിഡന്റ് സ്റ്റീഫൻ ജോർജ് പതാക ഉയർത്തും. തുടർന്ന് ഫിലിം ഫെസ്റ്റിവൽ മത്സരം നടത്തും.
23നു രാവിലെ 10.30നു കേരള ചരിത്രത്തിൽ ക്നാനായ സമുദായത്തിന്റെ സംഭാവനകൾ എന്ന വിഷയത്തിൽ അലക്സാണ്ടർ ജേക്കബ് സെമിനാർ നയിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു കെസിസി പ്രസിഡന്റ് സ്റ്റീഫൻ ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്ന വാർഷിക പൊതുയോഗത്തിൽ ഷൈജി ഓട്ടപ്പള്ളിൽ, സാബു മുണ്ടകപ്പറന്പിൽ, തൂഫാൻ തോമസ്, പ്രഫ. തോമസ് മുല്ലപ്പള്ളി എന്നിവർ പ്രസംഗിക്കും. 4.30ന് വിവിധ മത്സരങ്ങൾ ട്രീസ ഡെമിസ് പുളിമൂട്ടിൽ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിനു സാംസ്കാരിക സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. കെസിസി പ്രസിഡന്റ് സ്റ്റീഫൻ ജോർജ് അധ്യക്ഷത വഹിക്കും. കൊഹിമ രൂപതാധ്യക്ഷൻ ബിഷപ് മാർ ജെയിംസ് തോപ്പിൽ അനുഗ്രഹപ്രഭാഷണം നടത്തും.
സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എസ്. ഹരീഷ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, തോമസ് ചാഴികാടൻ, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വിമലക്കുട്ടിയമ്മ, എഐസിയു സംസ്ഥാന സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബൽ സെക്രട്ടറി തോമസ് പീടികയിൽ, ഫാ. മാത്യു കുഴിപ്പിള്ളിയിൽ, ജോസ് തൊട്ടിയിൽ എന്നിവർ പ്രസംഗിക്കും.
ക്നാനായ സംഗമ ദിനമായ 24നു ഉച്ചകഴിഞ്ഞു മൂന്നിനു കൈപ്പുഴ മാർ മാക്കിൽ പബ്ലിക് സ്കൂൾ അങ്കണത്തിൽനിന്നും ക്നായി തൊമ്മൻ നഗറിലേക്ക് നടത്തപ്പെടുന്ന പ്രേഷിത കുടിയേറ്റ അനുസ്മരണ റാലി ഷെവലിയാർ ജോയി ജോസഫ് കൊടിയന്തറ ഫ്ളാഗ് ഓഫ് ചെയ്യും. മലബാർ ഉൾപ്പെടെ 14 ഫൊറോനകളിൽനിന്നായി പതിനായിരത്തിലധികം സമുദായ അംഗങ്ങൾ പങ്കെടുക്കുന്ന വർണശന്പളമായ റാലി നടക്കും.
വൈകുന്നേരം അഞ്ചിനു കൈപ്പുഴ ക്നായിത്തൊമ്മൻ നഗറിൽ നടത്തപ്പെടുന്ന കെസിസി 80-ാം വാർഷിക സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെസിസി പ്രസിഡന്റ് സ്റ്റീഫൻ ജോർജ് അധ്യക്ഷത വഹിക്കും. ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. കെസിസിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജീവകാരുണ്യ സഹായ പദ്ധതിയുടെ ഉദ്ഘാടനം കെ.എം. മാണി എംഎൽഎ നിർവഹിക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെസിസി അതിരൂപതാ ചാപ്ലെയിൻ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ജസ്റ്റീസ് സിറിയക് ജോസഫ്, ജോസ് കെ. മാണി എംപി, സുരേഷ് കുറുപ്പ് എംഎൽഎ, കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയനിലം, ഫാ. മാത്യു കുഴിപ്പിള്ളിൽ, ഫാ. ജോസ് നെടുങ്ങാട്ട്, ഡോ. മേഴ്സി മൂലക്കാട്ട്, ബിബീഷ് ഓലിക്കമുറിയിൽ, പ്രഫ. ജോയി മുപ്രാപ്പള്ളിൽ, ഷൈജി ഓട്ടപ്പള്ളിൽ, സാബു മുണ്ടകപ്പറന്പിൽ തുടങ്ങിയവർ പ്രസംഗിക്കും.
സമ്മേളനത്തിൽ ഒൗസേപ്പ് ജോണ് പുളിമൂട്ടിലിന് ബെസ്റ്റ് ബിസിനസ്മാൻ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. രാത്രി 6.30ന് കലാസന്ധ്യയും നടക്കും.
കൈപ്പുഴ ഒരുങ്ങി, ക്നാനായ കുടുംബസംഗമത്തിനായി
01:11 AM Feb 19, 2019 | Deepika.com