തിരുവനന്തപുരം: അടിയന്തര ആവശ്യത്തിനായി പോലീസിനെയും ഫയർഫോഴ്സിനെ യും ആംബുലൻസിനെയുമൊക്കെ വിളിക്കാൻ 112 എന്ന ഫോണ്‍ നമ്പർ വരുന്നു. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഈ ഏകീകൃത നമ്പർ സന്പ്രദായം നിലവിൽ വരും. അടിയന്തര ഘട്ടങ്ങളിൽ പോലീസിനെ വിളിക്കാൻ 100, ഫയർഫോഴ്സിനെ വിളിക്കാനുള്ള 101, ആംബുലൻസ് വിളിക്കാൻ 108 തുടങ്ങിയ നന്പരുകളാണു നിലവിലുള്ളത്. ഇവയെ ബന്ധിപ്പിച്ചാണ് ഏകീകൃത 112 സംവിധാനം.
രാജ്യമാകെ ഒറ്റ നന്പർ
അടിയന്തര ഘട്ടങ്ങൾക്കായി രാജ്യമാകെ ഒറ്റ ഫോണ്‍ നമ്പർ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളവും 112 എന്ന ഫോണ്‍ നന്പർ ശൃംഖലയിലേക്കു വരുന്നത്.
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ പ്രധാന കണ്ട്രോൾ റൂമും വിവിധ പോലീസ് ജില്ലകളിലുള്ള കണ്ട്രോൾ റൂമുകളും തമ്മിൽ ബന്ധിപ്പിച്ചുള്ള ട്രയൽ വിജയകരമായാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ പദ്ധതിയുടെ ഉദ്ഘാടനം നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് രാജ്യത്ത് എല്ലായിടത്തും എമർജൻസി നമ്പരായി 112 ഉപയോഗിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് ആദ്യഘട്ടത്തിൽ തന്നെ 112 നന്പർ സജ്ജമാക്കുന്ന 14 സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറും.
അടിയന്തര ഇടപെടൽ
എമർജൻസി സാഹചര്യങ്ങളിൽ പോലീസിനു ലഭിക്കുന്ന ഫോണ്‍കോളുകളിൽ വേഗത്തിൽ പ്രതികരിക്കാനും സഹായം കൃത്യമായി ലഭിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാനും പദ്ധതിയിലൂടെ കഴിയും. കന്പ്യൂട്ടർ സഹായത്തോടെയുള്ള അടിയന്തര ഇട പെടലും ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) വഴിയുള്ള ഫോണ്‍കോൾ പിന്തുടരലും ഗ്ലോബൽ പോസിഷനിംഗ് സിസ്റ്റത്തിന്റെ (ജിപിഎസ്) സഹായത്തോടെ വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് അയയ്ക്കലും സാധ്യമാക്കാനും ഇതുവഴി സാധിക്കും.
ജിപിഎസ് കൺട്രോൾ
24 മണിക്കൂറും പൊതുജനങ്ങൾക്ക് 112 എന്ന നന്പർ ഉപയോഗിക്കാനാകും. സഹായം ആവശ്യപ്പെട്ട് ഈ നന്പരിലേക്ക് വിളിക്കുന്നവർ എവിടെ നിന്നാണ് വിളിക്കുന്നതെന്ന് ജിപിഎസ് വഴി കണ്ട്രോൾ റൂമിൽ അറിയാനാകും. ഈ സ്ഥലങ്ങളിലേക്ക് പോലീസിന് എത്താൻ ജിപിഎസ് സംവിധാനമുള്ള വാഹനങ്ങളും ഉപയോഗിക്കും.വീഡിയോ റി ക്കാർ ഡിംഗ് സുരക്ഷാ കാമറകളെയും കണ്ട്രോൾ റൂമുകളുമായി ബന്ധിപ്പിക്കുന്നതിനാൽ പോലീസ് വാഹനത്തിന്റേത് അടക്കമുള്ള ദൃശ്യങ്ങളും ലഭ്യമാകും.
പവർബട്ടൺ
സ്മാർട്ട്ഫോണുകളിലെ പവർ ബട്ടണ്‍ മൂന്നു തവണ തുടർച്ചയായി അമർത്തിയാൽ കണ്ട്രോൾ റൂമിലേക്കു ഫോണ്‍ എത്തും. ഇവിടെനിന്നുള്ള സന്ദേശം ഏതു പ്രദേശത്താണോ സഹായം ലഭിക്കേണ്ടത് അവിടത്തെ ജില്ലാ പോലീസ് കണ്ട്രോൾ റൂമുകളിൽ എത്തിക്കും. സി ഡാക്കാണ് രാജ്യത്താകെ പദ്ധതിയുടെ സേവന ദാതാവായി പ്രവർത്തിക്കുന്നത്.
പോലീസോ ആംബുലൻസോ? വിളിക്കൂ... 112
01:46 AM Feb 18, 2019 | Deepika.com