തിരുവനന്തപുരം: കശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്കു കേരള കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ(കെസിവൈഎം) ബാഷ്പാഞ്ജലി. ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിക്കാനും പൊതുസമൂഹത്തിൽ സമാധാനസന്ദേശം പകർന്നു നൽകാനുമായി കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാധാന ദീപം തെളിച്ചു.
തീവ്രവാദത്തിന്റെ വേരുകൾ അറുക്കണമെന്നു പാളയം ഇമാം വി.വി. സുഹൈബ് മൗലവി പറഞ്ഞു. തീവ്രവാദത്തിന്റെ മുറിവുകൾ സ്നേഹമാകുന്ന ലേപനംകൊണ്ട് ഉണക്കുന്നതിനു നമുക്കു സാധിക്കട്ടെയെന്നു പാറശാല രൂപതാ മെത്രാൻ തോമസ് മാർ യൗസേബിയോസ് പറഞ്ഞു.
തിരിച്ചടിയല്ല, മറിച്ച് സമാധാനത്തിലൂടെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുകയാണു വേണ്ടതെന്നു ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജോ പി.ബാബു നന്ദി പറഞ്ഞു.
കേരളത്തിലെ എല്ലാ രൂപതകളിലും കെസിവൈെമ്മിന്റെ നേതൃത്വത്തിൽ ഇന്നലെ സമാധാന ദീപം തെളിച്ചു. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സീറോ മലബാർ, മലങ്കര, ലത്തീൻ രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറാൾ മോണ്‍. ഡോ. വർക്കി ആറ്റുപുറത്ത്, പാളയം ഫൊറോന വികാരി മോണ്‍. ഡോ.ടി. നിക്കോളാസ്, കെസിവൈഎം തിരുവനന്തപുരം ലത്തീൻ അതിരൂപത ഡയറക്ടർ ഫാ. ലെനിൻ ഫെർണാണ്ടസ്, ഫാ. ഡൈസണ്‍ യേശുദാസ്, ഫാ. ദീപക് ആന്റോ, ഫാ. ജോമോൻ കാക്കനാട്ട്, സിസ്റ്റർ ലിസ്ന ഒഎസ്എസ്, എംസിവൈഎം തിരുവനന്തപുരം മേജർ അതിരൂപത ഡയറക്ടർ ഫാ.അരുണ്‍ ഏറത്ത്, പ്രസിഡന്റ് ജിത്ത് ജോണ്‍, കെസിവൈഎം ലത്തീൻ അതിരൂപത പ്രസിഡന്റ് ഷൈജു റോബിൻ തുടങ്ങിയവർ പങ്കെടുത്തു.
ധീരജവാന്മാർക്കു കെസിവൈഎമ്മിന്റെ ബാഷ്പാഞ്ജലി
01:46 AM Feb 18, 2019 | Deepika.com