പത്തനാപുരം: ലത്തീന്‍ കത്തോലിക്കാ സമുദായം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരസിദ്ധാന്തം സ്വീകരിക്കുമെന്നു പ്രമേയം. കേരളാ റീജൺ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ മുപ്പത്തിമൂന്നാമത് ജനറല്‍ അസംബ്ലിയുടെ രാഷ്ട്രീയ പ്രമേയത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയത്തെപ്പറ്റി പ്രതിപാദിക്കുന്നത്.
ജനസംഖ്യക്ക് ആനുപാതികമായി സമുദായത്തില്‍നിന്നു ജനപ്രതിനിധികളുണ്ടാകണം. സഭയിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ സഭയുടെ നിയമത്തിനും രാജ്യനിയമങ്ങള്‍ക്കും അനുസൃതമായി പരിഹരിക്കും.സഭയുടെ മേല്‍ ബാഹ്യഇടപെടല്‍ അനുവദിക്കില്ല. ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നടപ്പിലാക്കാന്‍ നിയമസഭ പ്രമേയം പാസാക്കണം.
ന്യൂനപക്ഷ അവകാശം സംരക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണം. മതേതര ഭാരതത്തില്‍ വിശ്വാസജീവിതവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകണം. തീരദേശ പാക്കേജും ഇടുക്കി പാക്കേജും നടപ്പാക്കണം. ഓഖി, പ്രളയ ദുരിതാശ്വാസ നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം. രണ്ട് ദിവസമായി ശാലേംപുരം അനിമേഷന്‍ സെന്ററില്‍ നടന്നുവന്ന ജനറല്‍ അസംബ്ലിയിലാണ് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്ത് പാസാക്കിയത്. പത്രസമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍, സിഎസ്എസ് വൈസ് ചെയര്മാന് ബെന്നി പാപ്പച്ചന്, കെഎല്‍സിഎ പ്രസിഡന്റ് ആന്റണി നൊറോണ, ജെയിന് ആന്‍സില്‍, എന്‍ ദേവദാസ്, അജിത് തങ്കച്ചന്, ഷാജി ജോര്‍ജ്, ബേബി ജി ഭാഗ്യോദയം, ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആചാരാനുഷ്ഠാനങ്ങളില്‍ അധികാരികള്‍ ഇടപെടരുത്: ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം
പത്തനാപുരം: ആചാരാനുഷ്ഠാനങ്ങളില്‍ അധികാരികള്‍ ഇടപെടാതിരിക്കുന്നതാണു നല്ലതെന്ന് ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം. കേരളാ റീജൺ ലത്തീന്‍ കാത്തലിക് കൗണ്‍സിലിന്റെ 33 -ാമത് ജനറല്‍ അസംബ്ലിക്കുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.മുമ്പു മതവും രാഷ്ട്രവും പരസ്പരം ബഹുമാനിച്ചിരുന്നു. ഓരോ വിഭാഗങ്ങള്‍ക്കും ഓരോ ആചാരങ്ങളാണ്. ആചാരങ്ങളുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ അതാത് മതവിഭാഗങ്ങള്‍ തീരുമാനിക്കണം.
ഓരോ മതത്തിനും ഉള്ള ആചാരാനുഷ്ഠാനങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തരുത്. സമുദായ സംവരണം നിലനിര്‍ത്തണം.സാമ്പത്തിക സംവരണം ഭരണഘടനയ്ക്ക് എതിരാണ്. അവശത അനുഭവിക്കുന്നവര്‍ക്ക് സംവരണമല്ല വേണ്ടത്. അത്തരക്കാരെ സഹായിക്കാന്‍ സഭയും ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ലത്തീന്‍ കത്തോലിക്ക സമുദായം മൂല്യാധിഷ്ഠിത സമദൂര സിദ്ധാന്തം സ്വീകരിക്കുമെന്നു പ്രമേയം
01:44 AM Feb 18, 2019 | Deepika.com