കൽപ്പറ്റ: നീതിന്യായ വ്യവസ്ഥയിൽ സമൂഹത്തിനുള്ള വിശ്വാസം വർധിപ്പിക്കുന്നതാണ് കൊട്ടിയൂർ കേസ് വിധിയെന്ന്, നിരപരാധികളെന്നു കോടതി കണ്ടെത്തിയ അഡ്വ.ഫാ. തോമസ് ജോസഫ് തേരകവും ഡോ. സിസ്റ്റർ ബെറ്റി ജോസും പറഞ്ഞു. കേസിൽ യഥാക്രമം ഒമ്പതും പത്തും പ്രതികളായിട്ടാണ് ഇവരെ ഉൾപ്പെടുത്തിയിരുന്നത്. വൈകിയാണെങ്കിലും സത്യം തെളിയുമെന്ന വിശ്വാസം കൂടുതൽ ദൃഢമായി. ആരോടും പകയോ വെറുപ്പോ ഇല്ല. ദൈവകാരുണ്യത്തിനു നന്ദി - വിധിയെക്കുറിച്ചു ചോദിച്ചപ്പോൾ അഡ്വ. ഫാ. തേരകം പ്രതികരിച്ചു. 720 ദിവസം നീണ്ട സഹനത്തിനാണ് വിരാമമായതെന്നു ഡോ. സിസ്റ്റർ ബെറ്റി പറഞ്ഞു.
ഫാ. തേരകം വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ചെയർമാനും സിസ്റ്റർ ബെറ്റി അംഗവുമായിരിക്കെയാണ് കൊട്ടിയൂർ പീഡനക്കേസിന്റെ ആവിർഭാവം. സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചു, ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി, അധികാരം ദുർവിനിയോഗം ചെയ്തു, ഗൂഢാലോചനയിൽ പങ്കാളികളായി തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
ഡോ. സിസ്റ്റർ ബെറ്റി ജോസ് തന്റെ പക്കൽ ഏല്പിക്കപ്പെട്ട ആണ്‍കുഞ്ഞിനെ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് വൈത്തിരിയിലെ ഫൗണ്ട്ലിംഗ് ഹോമിൽ താത്കാലിക സംരക്ഷണത്തിന് ഏൽപ്പിച്ചത്. മുദ്രക്കടലാസിൽ തയാറാക്കിയതും ഡോ. ബെറ്റി ജോസ് മുമ്പാകെ സാക്ഷികൾ ഒപ്പിട്ടതുമായ സറണ്ടർ രേഖയിൽ അമ്മയുടെ പ്രായം 18 എന്നാണ് ചേർത്തിരുന്നത്. 2017 ഫെബ്രുവരി 26ന് രാത്രി 9.15നാണ് പേരാവൂർ പോലീസ് ഫോണിൽ വിളിച്ച്, വയനാട് സിഡബ്ല്യുസി മുമ്പാകെ ഏല്പിച്ച കുട്ടിയെക്കുറിച്ച് അന്വേഷിച്ചത്. ഈ കേസിലെ അന്വേഷണ ഉദ്യേഗസ്ഥന് കുഞ്ഞിന്റെ സുരക്ഷിത സംരക്ഷണം ഉടൻ വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വിശദാംശങ്ങൾ ആരാഞ്ഞപ്പോൾ ബാലപീഡനവുമായി ബന്ധപ്പെട്ട സംഭവമാണെന്നും സ്വാധീനമുള്ള കുറ്റാരോപിതൻ ഒളിവിലാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതനുസരിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ ഉൾപ്പെടെയുളള സംഘം പേരാവൂർ പോലീസ് സ്റ്റേഷൻ അധികാരിയുടെ നേത്യത്വത്തിൽ രാത്രി 1.15ന് തന്റെ താമസസ്ഥലത്ത് എത്തി. രേഖകൾ പരിശോധിച്ചശേഷം കുഞ്ഞിനെ വിട്ടുകൊടുത്ത് ഉത്തരവ് നൽകി. ഇതിനുശേഷമാണ് കേസിലെ ഒന്നാം പ്രതിയെക്കുറിച്ച് മനസിലായത്. ഫെബ്രുവരി 27ന് നടന്ന സിഡബ്ല്യുസി സിറ്റിംഗിൽ അംഗങ്ങളെ ഇക്കാര്യങ്ങൾ വിശദമായി അറിയിച്ചു. മാർച്ച് ഒമ്പതിനാണ് തന്നെയും ഡോ. ബെറ്റി ജോസിനെയും കേസിൽ പ്രതി ചേർത്തത് - ഫാ. തേരകം പറഞ്ഞു.
കോടതിയിൽ വിശ്വാസം വർധിപ്പിച്ച വിധി: ഫാ. തേരകം, സിസ്റ്റർ ബെറ്റി
01:35 AM Feb 17, 2019 | Deepika.com