തലശേരി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കാക്കയങ്ങാട് വിളക്കോട് ചാക്കാട്ടെ നരോത്ത് ദിലീപനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ ഒമ്പത് പേരെ ജീവപര്യന്തം തടവിനും 30,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (മൂന്ന്) ജഡ്ജി കെ.എസ്. രാജീവാണ് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും നേതാക്കളുമായ പ്രതികളെ ശിക്ഷിച്ചത്.
ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളായ മുഴക്കുന്ന് ചാക്കാട് ഷഫീന മന്‍സിലില്‍ പി.കെ. ലത്തീഫ് (34), ചാക്കാട് ഉളിയില്‍കുന്നേല്‍ ഹൗസില്‍ യു.കെ. സിദ്ദീഖ് (34), മുഴക്കുന്ന് ഹാജി റോഡ് ഫാത്തിമ മന്‍സിലില്‍ യു.കെ. ഫൈസല്‍ (36), മുഴക്കുന്ന് ചാക്കാട് വേലിക്കോത്ത് ഹൗസില്‍ വി.കെ. ഉനൈസ് (31), പുതിയപുരയില്‍ പി.പി. ഫൈസല്‍ (31), ഏഴു മുതല്‍ ഒൻപത് വരെ പ്രതികളായ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മീത്തലെപുന്നാട് വയ്യപ്രത്ത് ഹൗസില്‍ വി. മുഹമ്മദ് ബഷീര്‍ എന്ന കരാട്ടെ ബഷീര്‍ (36), പായം തന്തോട് നസീമ മന്‍സിലില്‍ തണലോട്ട് യാക്കൂബ് (40), കീഴൂര്‍ ദാറുല്‍ റഹ്മയില്‍ പി.കെ. മുഹമ്മദ് ഫാറൂഖ് (46), പതിനാലാം പ്രതി വിളക്കോട് പാനേരി ഹൗസില്‍ പാനേരി അബ്ദുള്‍ഗഫൂര്‍ (32) എന്നിവരെയാണ് ശിക്ഷിച്ചത്.
കൊലപാതകം, ആയുധങ്ങളുമായി സംഘംചേരല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ജീവപര്യന്തം കഠിനതടവും പിഴയും.
ദിലീപന് വധം: ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും
01:18 AM Feb 17, 2019 | Deepika.com