തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പുതിയ പോലീസ് സ്റ്റേഷനുകൾ കൂടി നാളെ മുതൽ പ്രവർത്തനം തുടങ്ങും. കൊല്ലം കണ്ണനല്ലൂർ, പത്തനംതിട്ട ഇലവുംതിട്ട, ഇടുക്കി ഉടുന്പഞ്ചോല, എറണാകുളം കളമശേരി മെട്രോ സ്റ്റേഷൻ, കോഴിക്കോട് പന്തീരാങ്കാവ്, കാസർഗോഡ് മേൽപ്പറന്പ് പോലീസ് സ്റ്റേഷനുകളാണ് നാളെ ഉദ്ഘാടനം ചെയ്യുന്നത്. ഉച്ചകഴിഞ്ഞു മൂന്നിന് കളമശേരിയിൽ നടക്കുന്ന ചടങ്ങിൽ പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറൻസിംഗ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് പോലീസ് വക്താവ് വി.പി പ്രമോദ് കുമാർ അറിയിച്ചു.
തിരുവനന്തപുരം മാറനല്ലൂരിലെ നവീകരിച്ച പോലീസ് സ്റ്റേഷൻ, നെയ്യാറ്റിൻകര പോലീസ് ക്വാർട്ടേഴ്സ്, വയനാട് കേണിച്ചിറയിലെ പോലീസ് ക്വാർട്ടേഴ്സ്, കണ്ണൂരിലെ ഫോറൻസിക് സയൻസ് ലാബിന്റെ ഡിഎൻഎ പ്രൊഫൈൽ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. കൊച്ചി മെട്രോ പോലീസ് സ്റ്റേഷനിൽ 29 തസ്തികകളും മറ്റിടങ്ങളിൽ 46 തസ്തികകൾ വീതം 216 എണ്ണവും അനുവദിച്ചു. ഇതിൽ 186 തസ്തികകൾ പുതുതായി അനുവദിച്ചതും 30 എണ്ണം മാറ്റി നിയമിക്കുന്നതുമാണ്.
എസ്ഐമാരെ ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം നൽകുന്നതിനുളള ഡിപിസി വൈകാതെ ചേരും. 200 പേർക്ക് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം ലഭിക്കും. അവരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി നിയമിക്കും. പോലീസ് അഖിലേന്ത്യാ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പ് 27 മുതൽ മാർച്ച് നാലുവരെ വട്ടിയൂർക്കാവ്, മൂക്കുന്നിമല എന്നിവിടങ്ങളിൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആറ് പുതിയ പോലീസ് സ്റ്റേഷൻകൂടി
01:34 AM Feb 16, 2019 | Deepika.com