കോഴിക്കോട്: കരാറുകാരുടെ ബില്ലുകള്‍ അടിയന്തരമായി പാസാക്കി നല്‍കണമെന്നാവശ്യപ്പെട്ട് ഗവ.കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് ധര്‍ണ സംഘടിപ്പിക്കുന്നു. 20 ന് സംസ്ഥാനത്തെ എല്ലാ ട്രഷറികള്‍ക്കു മുന്നിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മറ്റും പൂര്‍ത്തീകരിച്ച പ്രവര്‍ത്തികളുടെ ബില്ലുകള്‍ പാസാക്കി നല്‍കുന്നതിന് ജനുവരി 25 മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ പത്തോടെ പരിഹരിക്കപ്പെടുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ നിയന്ത്രണം തുടരുകയാണ്.
മാര്‍ച്ച് അവസാനിക്കുമ്പോഴേക്കും പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം. പണം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന കരാറുകാര്‍ ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ ഗവ.കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് പി.നാഗരത്നന്‍, സംസ്ഥാന സെക്രട്ടറി പി. മോഹന്‍ദാസ്, പി. സുരേന്ദ്രൻ, കെ.എം. സഹദേവന്, ടി. മധു എന്നിവര്‍ പങ്കെടുത്തു.
ട്രഷറിക്കു മുന്നിൽ 20ന് കരാറുകാരുടെ ധര്‍ണ
12:49 AM Feb 16, 2019 | Deepika.com