തലശേരി: മുസ്ലിം ലീഗ് പ്രവര്ത്തകന് തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ ഏതു കോടതിയിൽ നടക്കുമെന്നതു സംബന്ധിച്ച് 19ന് ജില്ലാ സെഷൻസ് കോടതി ജഡ്ജി ടി. ഇന്ദിര വിധി പറയും. കേസ് പരിഗണിച്ച കോടതി ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് വിധി പറയുന്നതിനായി 19 ലേക്ക് മാറ്റിയത്. പ്രതിഭാഗം സമർപ്പിച്ച വിടുതൽഹർജി പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി.
കേസ് കൊച്ചി സിബിഐ കോടതിയിലേക്കു മാറ്റണമെന്ന് സിബിഐക്കുവേണ്ടി ഹാജരായ പ്രോസിക്യൂട്ടർ അരുൺ കെ. ആന്റണി കോടതിയിൽ പറഞ്ഞു. പ്രതിഭാഗം സമർപ്പിച്ച വിടുതൽഹർജി പരിഗണിക്കാനാവില്ലെന്ന് വാദത്തിനിടയിൽ കോടതി പറഞ്ഞിരുന്നു.
സിബിഐ കോടതിയിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ വന്ന ഹർജി ഈ കോടതി തള്ളിയതായി പ്രതിഭാഗം അഭിഭാഷകൻ കെ. വിശ്വൻ ചൂണ്ടിക്കാട്ടി. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎൽഎയ്ക്കുമെതിരേ ഏതൊക്കെ വകുപ്പുകൾ നിലനിൽക്കുമെന്നത് വ്യക്തത വരുത്തണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
ഷുക്കൂർ വധക്കേസ് വിചാരണ കോടതി: വിധി 19ന്
01:32 AM Feb 15, 2019 | Deepika.com