തിരുവനന്തപുരം: വർധിപ്പിച്ച നിരക്കിലുള്ള പെൻഷൻതുക മാർച്ച് മാസത്തിൽ മുൻകൂറായി നൽകാൻ സർക്കാർ തീരുമാനം. 2018 ഡിസംബർ മുതൽ 2019 ഏപ്രിൽ വരെയുള്ള അഞ്ചു മാസത്തെ സാമൂഹിക സുരക്ഷാ പെൻഷനുകളും ക്ഷേമനിധി പെൻഷനും മാർച്ച് മൂന്നാം വാരത്തോടെ ഗുണഭോക്താക്കൾക്കു നൽകും. ഇതിനൊപ്പമാണു വർധിപ്പിച്ച നിരക്കിലുള്ള ഏപ്രിൽ മാസത്തെ പെൻഷൻ മുൻകൂറായി നൽകുന്നതെന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സാമൂഹിക സുരക്ഷാ പെൻഷനുകളിൽ 100 രൂപ വർധിപ്പിക്കുമെന്നു കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 2980.68 കോടി രൂപയാണ് അഞ്ചു മാസത്തെ പെൻഷൻ നൽകുന്നതിനുള്ള ചെലവ്. പെൻഷനുളള അർഹത പരിശോധിക്കുന്നത് പെൻഷൻ നിഷേധിക്കാൻ വേണ്ടിയാണെന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണ്. നിലവിൽ സാമൂഹിക സുരക്ഷാ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾക്ക് അടുത്ത ഗഡു പെൻഷൻ ലഭിക്കുന്നതിന് അർഹത പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധിതമാക്കില്ല. ഇതിനാവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. സർട്ടിഫിക്കറ്റ് നിർബന്ധമാക്കാതെ നിലവിലെ ഗുണഭോക്താക്കൾക്കെല്ലാം അടുത്ത ഗഡു സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുമെന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വർധിപ്പിച്ച നിരക്കിലുള്ള പെൻഷൻ മാർച്ചിൽ മുൻകൂർ നൽകും
01:02 AM Feb 15, 2019 | Deepika.com