കൊച്ചി: സിബിഎസ്ഇ സ്കൂളുകൾക്ക് എൻഒസി നിഷേധിച്ചതു റദ്ദാക്കിയ സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്ന ചില വ്യവസ്ഥകൾക്കെതിരേ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എൻഒസി തേടി സ്കൂളുകൾ നൽകിയ അപേക്ഷയിൽ സർക്കാരിനു നടപടി തുടരാമെന്നും ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ചവറ കോട്ടയ്ക്കകം മഹാത്മാ പബ്ലിക് സ്കൂളിന് ഉൾപ്പെടെ എൻഒസി നൽകണമെന്ന സിംഗിൾബെഞ്ച് വിധിക്കെതിരേയാണു സർക്കാർ അപ്പീൽ നൽകിയത്.
സിബിഎസ്ഇ സ്കൂളുകളുടെ എൻഒസി അപേക്ഷയിൽ സമീപത്തെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റു സ്കൂളുകളുടെ വിവരങ്ങൾ, സംരക്ഷിത അധ്യാപകരുടെ നിയമനം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കാൻ സർക്കാർ നിർദേശിച്ചിരുന്നു. സ്കൂളുകൾക്ക് നിശ്ചിത അളവിൽ സ്ഥലം വേണമെന്ന വ്യവസ്ഥയും ഏർപ്പെടുത്തിയിരുന്നു.
സർക്കാർ സഹായമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇത്തരം നിബന്ധനകൾ ഏർപ്പെടുത്താനാവില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞവർഷം ജൂലൈയിലാണ് സിംഗിൾബെഞ്ച് സർക്കാരിനോട് എൻഒസി നൽകാൻ നിർദേശിച്ചത്. ഇത്തരം വ്യവസ്ഥകൾ ഒഴിവാക്കാനും പറഞ്ഞിരുന്നു. ഇതിനെതിരേയാണു സർക്കാർ അപ്പീൽ നൽകിയത്. അപ്പീലിൽ സിബിഎസ്ഇയെ കക്ഷിചേർക്കാനും നിർദേശിച്ചിട്ടുണ്ട്.
സിബിഎസ്ഇ സ്കൂളുകൾക്ക് എൻഒസി: സർക്കാർ അപ്പീൽ നൽകി
12:15 AM Jan 31, 2019 | Deepika.com