അടിമാലി: പുഴയിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങിമരിച്ചു. ആനച്ചാൽ ആമക്കണ്ടം സ്വദേശി മുടയാനിയിൽ സുരേഷിന്റെ മകൻ എം.എസ്. അഭയ് ആണ് അപകടത്തിൽ മരിച്ചത്.
കുഞ്ചിത്തണ്ണി സർക്കാർ ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് മരിച്ച അഭയ്. രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. വിദ്യാലയത്തിന് അവധിയായതിനാൽ അഭയ് സുഹൃത്തുക്കൾക്കൊപ്പം കുഞ്ചിത്തണ്ണി വള്ളക്കടവിനു സമീപം മുതിരപ്പുഴയാറ്റിൽ കുളിക്കാനിറങ്ങി.
കുളിക്കുന്നതിനിടയിൽ ചതുപ്പിനു സമാനമായ ഭാഗത്ത് അഭയ് മുങ്ങിപ്പോവുകയായിരുന്നു. സമീപവാസികൾ ഉടൻതന്നെ അഭയ്യെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രളയത്തെത്തുടർന്ന് അപകടമൊളിച്ചു കിടക്കുന്ന നിരവധി തുരുത്തുകൾ മുതിരപ്പുഴയാറ്റിൽ രൂപപ്പെട്ടിട്ടുണ്ടെന്നു സമീപവാസികൾ പറഞ്ഞു. ആഴവും അപകടവും തിരിച്ചറിയാതെ അഭയ് ഈ തുരുത്തിൽ ഇറങ്ങിയതാകാം അപകടത്തിന് വഴിയൊരുക്കിയതെന്നാണ് പോലീസ് നൽകുന്ന സൂചന. സംസ്കാരം നടത്തി. മാതാവ് സുമി.
പുഴയിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങിമരിച്ചു
12:53 AM Jan 28, 2019 | Deepika.com