കൽപ്പറ്റ: ഹാരിസൺ മലയാളം പ്ലാന്റേഷനിലെ താഴെഅരപ്പറ്റ മൂന്നാം നമ്പർ തേയിലത്തോട്ടത്തിൽ പന്നിക്കെണിയിൽ കുടുങ്ങിയ നാലു വയസു മതിക്കുന്ന പെണ്‍പുലിയെ രക്ഷപ്പെടുത്തി. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിൽ നിറയൊഴിച്ച് മയക്കിയാണ് പുലിയെ കെണിയിൽനിന്നു മോചിപ്പിച്ചത്.
വാഹനത്തിന്റെ കേബിൾ ഉപയോഗിച്ചു സ്ഥാപിച്ചതാണ് കെണി. പുലിയെ പിന്നീട് ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. പുലിയുടെ ദേഹത്തു പ്രത്യക്ഷത്തിൽ പരിക്കുകൾ ഇല്ലെന്നു വനപാലകർ പറഞ്ഞു.
കേബിൾ അരയിൽ മുറുകിയ നിലയിൽ ഇന്നലെ രാവിലെ ഏഴരയോടെ തോട്ടം തൊഴിലാളികളാണ് പുലിയെ ആദ്യം കണ്ടത്. വിവരം അറിഞ്ഞെത്തിയ വനം-വന്യജീവി പാലകർ ഒമ്പതരയോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. കൽപ്പറ്റ ഗൂഡലായ്ക്കുന്നിനു സമീപം കഴിഞ്ഞ വെള്ളിയാഴ്ച കൂടുവച്ചു പിടികൂടിയ നാലു വയസുള്ള പെണ്‍പുലിയെ മുത്തങ്ങ വനത്തിൽ തുറന്നുവിട്ടിരുന്നു. എസ്റ്റേറ്റിൽ കെണിവച്ച സംഭവത്തിൽ കേസെടുത്തു അന്വേഷണം തുടങ്ങിയതായി മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു.
പന്നിക്കെണിയിൽപ്പെട്ട പുലിയെ രക്ഷപ്പെടുത്തി
01:25 AM Jan 23, 2019 | Deepika.com