പെരുമ്പടവ്(കണ്ണൂർ): ഇരട്ട സഹോദരൻമാർക്ക് ജീവിതപങ്കാളികളായി ഇരട്ട സഹോദരിമാർ. പെരുമ്പടവിലെ പൂവക്കുളത്ത് ജോസ്-മേരി ദമ്പതികളുടെ മക്കളും ഇരട്ടസഹോദരങ്ങളുമായ അരുൺ (തോമസ്), അഖിൽ (ചെറിയാൻ) എന്നിവരാണ് ആലക്കോട് രയറോം പാലക്കുടിയിൽ മാർട്ടിൻ-മേഴ്സി ദമ്പതികളുടെ മക്കളും ഇരട്ട സഹോദരിമാരുമായ അഞ്ജു (അന്നമ്മ), ആശ (ത്രേസ്യാമ്മ) എന്നിവരെ ജീവിതപങ്കാളികളായി ഇന്ന് സ്വീകരിക്കുന്നത്. പെരുമ്പടവ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഇന്നു നടക്കുന്ന വിവാഹ ശുശ്രൂഷയിൽ ഫാ. തോമസ് പാലക്കുടിയിലിന്റെ മുഖ്യകാർമികത്വത്തിൽ ഒൻപത് വൈദികർ സഹകാർമികരാകും.
സൗദി അറേബ്യയിൽ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥരാണ് അരുണും അഖിലും. അഞ്ജുവും ആശയും പൂനയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സുമാരാണ്. ഒരുമിച്ചു പഠിച്ച് ഒരേ മേഖലയിൽ ഒരേ സ്ഥാപനത്തിൽ ജോലിചെയ്യുന്നുവെന്നത് ഈ ഇരട്ട സഹോദരീ-സഹോദരൻമാരെ വേറിട്ടതാക്കുന്നു. അരുണിനും അഖിലിനും നിതിൻ എന്ന ജ്യേഷ്ഠനുണ്ട്. ബെറ്റിയാണ് നിതിന്റെ ഭാര്യ. അഞ്ജുവിനും ആശയ്ക്കും ടോണിയെന്ന സഹോദരനുണ്ട്.
ഇരട്ട സഹോദരർക്ക് വധുക്കളും ഇരട്ടകൾ
01:25 AM Jan 23, 2019 | Deepika.com