തിരുവനന്തപുരം: എൻ.കെ. പ്രേമചന്ദ്രൻ എംപിയെ ഒറ്റപ്പെടുത്തി വേട്ടയാടാനുള്ള സിപിഎമ്മിന്റെ ശ്രമത്തെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി.
സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗത്തെ തോല്പിച്ച് പാർലമെന്റിലെത്തിയ പ്രേമചന്ദ്രൻ സംഘപരിവാറിനെതിരേ പാർലമെന്റിലും പുറത്തും നടത്തിയ പോരാട്ടം രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടതാണ്. അത്തരമൊരു വ്യക്തിത്വത്തെ സംഘിയാക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
കൊല്ലം ബൈപാസിനുവേണ്ടിയുള്ള മൂന്നു ദശാബ്ദത്തിലധികം നീണ്ട കാത്തിരിപ്പാണ് പ്രേമചന്ദ്രന്റെ ഇടപെടൽ മൂലം സഫലമായത്. അതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതാണു വിഷയമെങ്കിൽ കൊച്ചി മെട്രോ മൂന്നു തവണ മാറ്റിവയ്പിച്ച് ആറുമാസം കാലവിളംബം വരുത്തി പ്രധാനമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച മുഖ്യമന്ത്രി പിണറായി വിജയനും കുറ്റക്കാരനാണ്. യുപിഎ സർക്കാരിന്റെ കാലത്ത് ഡോ. മൻമോഹൻ സിംഗ് അനുമതിയും ഫണ്ടും നല്കിയ പദ്ധതിയിൽ മോദിക്ക് ഒരു പങ്കുമില്ലെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
പ്രേമചന്ദ്രനെ ഒറ്റക്കെട്ടായി സംരക്ഷിക്കും: ഉമ്മൻ ചാണ്ടി
01:25 AM Jan 23, 2019 | Deepika.com