കൊച്ചി: തിയറ്ററുകളുടെ നിസഹകരണം ചെറിയ ചിത്രങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് നിർമാതാവ് സിയാദ് കോക്കർ. പുതുമുഖങ്ങളെവച്ചു ചെറിയ സിനിമകൾ നിർമിക്കാനൊരുങ്ങുന്നവരുടെ ആത്മവിശ്വാസത്തെ ഇത്തരം നടപടികൾ പ്രതികൂലമായി ബാധിക്കും. ഷറഫുദ്ദിനും അനു സിത്താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എ.കെ. സാജൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ’നീയും ഞാനും’ സിനിമയുടെ പ്രചാരണാർത്ഥം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യകാലത്ത് മികച്ച സിനിമകളെ തിയറ്ററുകാർ നന്നായി പ്രോൽസാഹിപ്പിച്ചിരുന്നു. ആദ്യ പ്രദർശനങ്ങളിൽ വീണുപോകുമായിരുന്ന മികച്ച സിനിമകളെ പിന്നീട് താങ്ങി നിർത്തിയത് തിയറ്ററുകാരുടെ പിന്തുണയായിരുന്നു. സല്ലാപവും ആകാശദൂതുമൊക്കെ ഉദാഹരണങ്ങളാണ്. ഏറെ നാളുകൾക്ക് ശേഷം നിർമിച്ച സിനിമയാണ് നീയും ഞാനും. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകനല്ല, സിനിമയാണ് സംസാരിക്കേണ്ടതെന്നും എകെ സാജൻ പറഞ്ഞു. ചെറിയ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് കൂടുതലായി എത്തുന്നില്ലെന്നു നടൻ ഷറഫുദ്ദിൻ ചൂണ്ടിക്കാട്ടി.
തിയറ്ററുകളുടെ നിസഹകരണം ചെറിയ ചിത്രങ്ങളെ ബാധിക്കും: സിയാദ് കോക്കർ
01:06 AM Jan 23, 2019 | Deepika.com