തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഹൈസ്കൂളുകളിൽ രൂപീകരിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലേക്ക് 2019-21 വർഷത്തേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എട്ടാംക്ലാസിൽ പഠിക്കുന്ന (അടുത്തവർഷം ഒമ്പതാം ക്ലാസിൽ) 20 മുതൽ 40 വരെ കുട്ടികൾക്കാണ് ഒരു സ്കൂളിലെ ക്ലബിൽ അംഗത്വം ലഭിക്കുക.
മുൻ വർഷം അംഗീകാരം നേടിയ 1898 യൂണിറ്റുകളിലും ഈ വർഷം താത്കാലികമായി അംഗീകാരം നൽകിയിട്ടുള്ള 149 വിദ്യാലയങ്ങളിലേയും അപേക്ഷിച്ചിട്ടുള്ള മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി രാവിലെ 10.30ന് അഭിരുചി പരീക്ഷ നടത്തും. എട്ടാം തരം ഐടി പാഠപുസ്തകത്തേയും ഐടി മേഖലയിലെ പൊതുവിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ് പരീക്ഷ.
സ്കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ് ഡെസ്ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിംഗ്, സൈബർ സുരക്ഷാ പരിശോധനയും ബോധവത്കരണവും, സ്കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടേയും ക്യാമ്പുകളുടേയും സംഘാടനം, വിക്ടേഴ്സിലേക്ക് ആവശ്യമായ വാർത്തകളുടേയും ഡോക്യുമെന്ററികളുടേയും നിർമാണം, സ്കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ‘ലിറ്റിൽ കൈറ്റ്സ് ’ക്ലബുകൾ സംഘടിപ്പിക്കുന്നത്.
പരിശീലനങ്ങൾക്കു പുറമെ മറ്റു വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായും നടത്തും. വിവിധ മേഖലകളിലെ വിദഗ്ദ്ധരെയും സാങ്കേതിക പ്രവർത്തകരേയും ‘ലിറ്റിൽ കൈറ്റ്’സുമായി ബന്ധിപ്പിക്കുന്നുണ്ട്.സംസ്ഥാനത്തെ അംഗീകാരം നേടിയ 2047 യൂണിറ്റുകളുടെയും പട്ടിക കൈറ്റ് വെബ്സൈറ്റിൽ (www.kite.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ഇന്ന്
01:05 AM Jan 23, 2019 | Deepika.com