തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെഎഎസ്) പിന്നോക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ സംസ്ഥാന സർക്കാർ സംവരണ പരിധിയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച് അതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കും. കെഎഎസിൽ സംവരണം നൽകാൻ സർക്കാർ തയാറായില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു മാർച്ച് നടത്തുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
പിന്നോക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുമായി ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് ചർച്ചനടത്തി. നിലവിലെ സ്ഥിതിയിൽ കെഎഎസ് നടപ്പിലാക്കിയാൽ ഈ വിഭാഗത്തിൽപ്പെടുന്ന ഒരാൾക്കും ഐഎഎസ് പോലുള്ള ഉന്നത പദവികളിലെത്താൻ കഴിയില്ല. സംവരണ സംവിധാനത്തെ തകിടം മറിച്ചുള്ള പിണറായി സർക്കാരിന്റെ നടപടി വരേണ്യവർഗത്തെ സഹായിക്കുന്ന നിലപാടാണ്.
അവശ വിഭാഗങ്ങളെ ഉദ്ധരിച്ച് സാമൂഹിക നീതി ഉറപ്പുവരുത്താനാണു സംവരണം. അതിനു കടകവിരുദ്ധമായ ഇടതു സർക്കാരിന്റെ നടപടി പിന്നാക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള അവഗണനയാണ്. തെറ്റുതിരുത്തി തീരുമാനം റദ്ദാക്കാൻ സർക്കാർ തയാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
കെഎഎസ് സംവരണം: കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്
01:01 AM Jan 21, 2019 | Deepika.com