മാരാമണ്‍: മാർത്തോമ്മാ സഭയുടെ സുവിശേഷ പ്രസംഗസംഘം നേതൃത്വം നൽകുന്ന മാരാമണ്‍ കണ്‍വൻഷിൽ പുരുഷൻമാർക്കു മാത്രമായി നടന്നുവന്ന രാത്രി യോഗങ്ങൾ ഇനി ഉണ്ടാകില്ല.
ഫെബ്രുവരി 10ന് ആരംഭിക്കുന്ന 124-ാമത് കണ്വൻഷൻ മുതൽ യോഗങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കി. ഇതനുസരിച്ച് വൈകുന്നേരം 6.30നാരംഭിച്ച് രാത്രി 8.30ന് അവസാനിച്ചിരുന്ന യോഗങ്ങൾക്കു പകരം ഇനി വൈകുന്നേരം അഞ്ചിനാരംഭിച്ച് 6.30ന് അവസാനിക്കുന്ന പൊതുയോഗമായിരിക്കും. രാവിലെ 10നും ഉച്ചകഴിഞ്ഞ് രണ്ടിനും പതിവുപോലെയുള്ള യോഗങ്ങൾ ഉണ്ടാകും. എല്ലാ യോഗങ്ങളിലും സ്ത്രീകൾക്കും പുരുഷൻമാർക്കും പങ്കെടുക്കാം.
രാത്രിയോഗങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നില്ല. മാറിയ സാഹചര്യത്തിലാണ് യോഗങ്ങളുടെ സമയക്രമത്തിലെ പുനഃക്രമീകരണമെന്നു മാർത്തോമ്മാ മെത്രാപ്പോലീത്ത വ്യക്തമാക്കി. വൈകുന്നേരം മണൽപ്പുറത്തു നടന്നുവന്ന യുവവേദി, കുടുംബവേദി യോഗങ്ങൾ കോഴഞ്ചേരി മാർത്തോമ്മാ പള്ളിയിൽ ഇക്കൊല്ലം മുതൽ ക്രമീകരിക്കും.
മാരാമണ്‍ കണ്‍വൻഷനിൽ ഇനി രാത്രി യോഗങ്ങളില്ല
12:42 AM Jan 20, 2019 | Deepika.com