ശ്രീകണ്ഠപുരം: ബംഗളൂരുവിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേള 2019-ൽ ഒന്നാമനായി ടി.വി. രവീന്ദ്രനാഥൻ. ഗണിതശാസ്ത്രം ടീച്ചിംഗ് എയ്ഡ് വിഭാഗത്തിലാണ് മലപ്പട്ടം എ. കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗണിതശാസ്ത്രം അധ്യാപകനായ ടി.വി. രവീന്ദ്രനാഥൻ ജേതാവായത്. സംസ്ഥാന ശാസ്ത്രമേളയിൽ ശ്രദ്ധനേടിയ ഇദ്ദേഹത്തിന്റെ ടീച്ചിംഗ് എയ്ഡ് ആണ് ദേശീയതലത്തിലും മികവ് നേടിക്കൊടുത്തത്.
2018-ൽ സെക്കന്തരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലും സിംഗിൾ പ്രോജക്ട് വിഭാഗത്തിൽ രവീന്ദ്രനാഥൻ ഒന്നാംസ്ഥാനം നേടിയിരുന്നു. ഗണിതപഠനം ആസ്വദിക്കുക, പഠിച്ചതും പഠിപ്പിക്കുന്നതും വിവിധ മേഖലകളിൽ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ ജില്ലയ്ക്കകത്തും പുറത്തുമുള്ള സ്കൂളുകളിലെ നിരവധി വിദ്യാർഥികൾക്കും അധ്യാപകർക്കും ക്ലാസുകൾ, പഠനോപകരണ നിർമാണ വർക്ഷോപ്പുകൾ, വർക്ക് ഷീറ്റ് നിർമാണം, പേപ്പർ ക്രാഫ്റ്റ് തുടങ്ങിയവ ഇദ്ദേഹം നടത്തിയിട്ടുണ്ട്.
വിദ്യാർഥികളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ഗണിതപഠനം എളുപ്പമാക്കി മികവ് നേടുന്നതിനും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് രവീന്ദ്രനാഥൻ പറയുന്നു. ചെങ്ങളായി പേരിങ്കൊന്നു സ്വദേശിയായ രവീന്ദ്രനാഥൻ ഗണിതശാസ്ത്ര റിസോഴ്സ് പേഴ്സൺ, ട്രെയിനർ എന്നി നിലകളിൽ പ്രവർത്തിച്ചുവരുന്നു.
ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ ഒന്നാമനായി ടി.വി. രവീന്ദ്രനാഥൻ
11:50 PM Jan 19, 2019 | Deepika.com