ശബരിമല: 51 യുവതികൾ ശബരിമല ദർശനം നടത്തിയെന്നതിനു ഒൗദ്യോഗിക സ്ഥിരീകരണം ശബരിമലയിൽ ഇല്ല. ശബരിമല ദർശനത്തിനു പോലീസ് വെർച്വർ ക്യൂ മുഖേന രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ പട്ടികയിൽനിന്നു ദർശനം നടത്തിയതായി പറയുന്നവരുടെ പ്രായം പരിശോധിച്ചാണ് 51 പേർ ദർശനം നടത്തിയെന്ന സത്യവാങ്മൂലം സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചതെന്നു പറയുന്നു.
എന്നാൽ, പട്ടികയിൽ പറഞ്ഞിരിക്കുന്നവരിൽ പലരും സർക്കാർ വാദം തള്ളി രംഗത്തെത്തി. ശബരിമലയിൽ എത്തിയവരെന്ന പേരിൽ സർക്കാർ നൽകിയിട്ടുള്ളവരുടെ പേരുകൾക്കൊപ്പമുള്ള ഫോണ് നന്പരുകളിൽ ബന്ധപ്പെട്ടപ്പോൾ പലരും ശബരിമലയിൽ എത്തിയിട്ടില്ലെന്നു പറഞ്ഞു.
എത്തിയവരിൽ ചിലരുടെ പ്രായം ആകട്ടെ 50നു മുകളിലാണ്. ആധാർ കാർഡെടുത്തപ്പോഴത്തെ പ്രായമാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നു പറഞ്ഞവരുമുണ്ട്.
മറ്റു ചില ഫോണ് നന്പരുകൾ പുരുഷൻമാരുടേതായിരുന്നു. ഇവരിൽ ചിലർ ശബരിമല ദർശനത്തിനെത്തിയതായി പറയുന്നുവെങ്കിലും തങ്ങൾക്കൊപ്പം സ്ത്രീകളുണ്ടായിരുന്നില്ലെന്നു വിശദീകരിച്ചു.
51 പേരുടെ മലകയറ്റം: ശബരിമലയിൽ സ്ഥിരീകരണമില്ല
01:01 AM Jan 19, 2019 | Deepika.com