രാജകുമാരി: ചിന്നക്കനാൽ ഇരട്ടക്കൊലപാതക കേസിൽ പിടിയിലായ മുഖ്യപ്രതി രാജകുമാരി കുളപ്പാറച്ചാൽ പഞ്ഞിപ്പറന്പിൽ ബോബിന്റെ(35) അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. തമിഴ്നാട് മധുരയിൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം വ്യാഴാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്. എസ്ഐ പി.ഡി.അനൂപ്മോന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും മറ്റു സ്ഥലങ്ങളിലും തെളിവെടിപ്പിനു ശേഷം ഇയാളെ ഇന്നലെ ശാന്തൻപാറ പോലീസ് സ്റ്റേഷനിലെത്തിച്ചതായാണ് സൂചന.
കഴിഞ്ഞ ഞായറാഴ്ചയാണ് ചിന്നക്കനാലിനുസമീപം നടുപ്പാറയിലെ റിസോർട്ട് ഉടമയായ രാജേഷിനെയും ജോലിക്കാരൻ മുത്തയ്യയെയും രാജേഷിന്റെ ഏലത്തോട്ടത്തിൽ വെടിയേറ്റും തലയ്ക്ക് അടിയേറ്റും മരിച്ചനിലയിൽ കണ്ടെത്തിയത്. തോട്ടത്തിലെ ഡ്രൈവർ ബോബിനെ കാണാതാകുകയും മൂന്നു ചാക്ക് ഏലക്കായും ഡസ്റ്റർ കാറും മോഷണം പോകുകയും ചെയ്തിരുന്നു. ബോബിനു താമസിക്കുന്നതിനും ഏലക്കാ വിൽക്കുന്നതിനും മറ്റും സഹായങ്ങൾ ചെയ്തുകൊടുത്ത ശാന്തൻപാറ ചേരിയാർ സ്വദേശി എസ്രവേലിനെയും ഭാര്യ കപിലയെയും പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.
ഏലക്ക വിറ്റ പണവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും തമിഴ്നാട്ടിലും ഒളിച്ചു താമസിച്ച ബോബിനെ പോലീസ് പിന്തുടർന്നു വ്യാഴാഴ്ച രാത്രിയോടെ പിടികൂടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കുമുൻപായി അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
കൊലപാതകം നടന്ന എസ്റ്റേറ്റിൽനിന്ന് ഒരു ഡബിൾ ബാരൽ ഉൾപ്പെടെ രണ്ടു തോക്കുകൾ പോലീസ് കണ്ടെടുത്തിരുന്നു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ തോക്കുകളിൽനിന്ന് വെടി ഉതിർത്തതായുള്ള സൂചനകളില്ല. വെടിവച്ചതു മറ്റേതെങ്കിലും തോക്കുകൊണ്ടാകാം എന്ന സംശയം പോലീസിനുണ്ട്. അങ്ങിനെയെങ്കിൽ കൊലപാതകത്തിനുപയോഗിച്ച തോക്കും കണ്ടെത്തണം. ഇന്നു ബോബിനെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തിയേക്കും. മോഷണം മാത്രമല്ല കൊലപാതക ലക്ഷ്യമെന്നാണു പോലീസ് കരുതുന്നത്. കൊലപാതകം നടത്തിയതിന്റെ ഏതാനുംനാൾ മുന്പു മാത്രമാണ് ഇയാൾ രാജേഷിന്റെ തോട്ടത്തിൽ ജോലിക്കു കയറിയത്. ബോബിനു മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിൽ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകം നടന്നത് എന്നാണെന്നും പോലീസ് വ്യക്തമാക്കിയിട്ടില്ല.
എസ്ഐ പി.ഡി. അനൂപ്മോൻ, സജി എൻ. പോൾ, സി.ഡി. ഉലഹന്നാൻ, സി.വി. സനീഷ്, ഓമനക്കുട്ടൻ, രമേഷ് രവി എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.
ചിന്നക്കനാൽ ഇരട്ടക്കൊലപാതകം ; തമിഴ്നാട്ടിൽ പിടിയിലായ പ്രതിയെ ഇന്ന് എസ്റ്റേറ്റിലെത്തിക്കും
01:01 AM Jan 19, 2019 | Deepika.com