കൊച്ചി: ഇടതു സ്വതന്ത്രനായി മത്സരിച്ചു ജയിച്ച കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. വിധിക്കെതിരേ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ മുപ്പതു ദിവസത്തെ സ്റ്റേയും കോടതി അനുവദിച്ചു. കാരാട്ട് റസാഖിന് ഇക്കാലയളവിൽ നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കാമെങ്കിലും വോട്ടിംഗിൽ പങ്കെടുക്കുന്നതും ആനുകൂല്യങ്ങൾ വാങ്ങുന്നതും ഹൈക്കോടതി വിലക്കി.
ഉത്തരവിന്റെ വിശദാംശങ്ങൾ നിയമസഭാ സ്പീക്കർക്കും തെരഞ്ഞെടുപ്പു കമ്മീഷനും നൽകാൻ കോടതി നിർദേശിച്ചു. എതിർസ്ഥാനാർഥി മുസ്ലിം ലീഗിലെ എം.എ. റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അനുവദിച്ചില്ല. 2016ലെ തെരഞ്ഞെടുപ്പിൽ കാരാട്ട് റസാഖ് 573 വോട്ടിനാണു വിജയിച്ചത്.
എതിർ സ്ഥാനാർഥി എം.എ. റസാഖിനെ അപകീർത്തിപ്പെടുത്തുന്ന ഡോക്യുമെന്ററി തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ മണ്ഡലത്തിലുടനീളം പ്രദർശിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി വോട്ടർമാരായ കെ.പി. മുഹമ്മദ്, മൊയ്തീൻ കുഞ്ഞി എന്നിവർ നൽകിയ ഹർജിയിലാണു ജസ്റ്റീസ് ഏബ്രഹാം മാത്യുവിന്റെ വിധി. ഇന്നലെ വിധി പറഞ്ഞശേഷം ഹൈക്കോടതി ജഡ്ജിയുടെ പദവിയിൽനിന്ന് അദ്ദേഹം വിരമിക്കുകയും ചെയ്തു.
കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി
12:56 AM Jan 18, 2019 | Deepika.com