തൊടുപുഴ: ജയരാജ് ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ബേർഡ്സ് ക്ലബ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ റെയിൻ ഇന്റർ നാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ 25 മുതൽ 27 വരെ മൂന്നാറിൽ നടക്കുമെന്നു ചലച്ചിത്ര സംവിധായകൻ ജയരാജ് പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ ഫിലിം ഫെസ്റ്റിവലാണ് മൂന്നാറിൽ നടക്കുന്നതെന്ന് ജയരാജ് പറഞ്ഞു. ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം 25നു രാവിലെ പത്തിനു നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക ഘോഷയാത്ര അന്നു വൈകുന്നേരം 5.30നു പഴയ മൂന്നാറിൽനിന്ന് ആരംഭിക്കും. മേളയുടെ ലോഗോ ഇടുക്കി പ്രസ്ക്ലബ്ബിൽ പ്രകാശനം ചെയ്തു.
മൂന്നാർ സിൽവർ ടിപ്സ് ഹോട്ടലിൽ ഒരുക്കിയിരിക്കുന്ന രണ്ടു തിയറ്ററുകളിലായിട്ടാണ് പ്രദർശനം. അമേരിക്കൻ സംവിധായകനായ റയാൻ പാട്രിക് കില്ലേക്കിയുടെ യാസുനി മാൻ എന്ന ഡോക്യുമെന്ററിയാണ് ഉദ്ഘാടന ചിത്രം. കൂടാതെ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രം ആമസോണ്‍ മഴക്കാടുകളിൽ അതി സാഹസികമായി ചിത്രീകരിച്ച ചിത്രമാണ്.
പ്രഥമ റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ 25 മുതൽ മൂന്നാറിൽ
12:07 AM Jan 18, 2019 | Deepika.com