തുറവൂർ: യന്ത്രത്തകരാറിനെത്തുടർന്ന് വ്യോമസേനയുടെ പരിശീലന നിരീക്ഷണ ഹെലികോപ്റ്റ ർ അടിയന്തരമായി നിലത്തിറക്കി. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ ചമ്മനാട് സ്കൂൾ ഗ്രൗണ്ടിലാണ് ഇറക്കിയത്. ഹെലികോപ്റ്ററിൽ മൂന്നു വ്യോമസേന ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.
ഉച്ചകഴിഞ്ഞു മൂന്നോടെ മറ്റൊരു ഹെലികോപ്റ്ററിൽ മെക്കാനിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ എത്തി തകരാറിലായ ഹെലികോപ്റ്ററിന്റെ ചിറകുകൾ അഴിച്ചുമാറ്റി കണ്ടെയ്നർ ലോറിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് രാത്രിയോടെ വലിയ ട്രെയിലർ ലോറി എത്തിച്ചു കൊച്ചിയിലെ വ്യോമസേനാ ആസ്ഥാനത്തേക്കു ഹെലികോപ്റ്റർ മാറ്റാനുള്ള ശ്രമം തുടങ്ങി.
വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥരും സംഭവമറിഞ്ഞു സ്ഥലത്തെത്തിയിരുന്നു. കുത്തിയതോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തു സുരക്ഷയൊരുക്കി. ഹെലികോപ്റ്റർ അടുത്തു കാണാൻ നിരവധി നാട്ടുകാരാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.
യന്ത്രത്തകരാർ : ഹെലികോപ്റ്റർ സ്കൂൾ ഗ്രൗണ്ടിൽ ഇറക്കി
02:08 AM Jan 17, 2019 | Deepika.com