തിരുവനന്തപുരം : പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ മേഖലകളിലെ നവീനവും ആഴത്തിലുമുള്ള അറിവ് പകരുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് കുസാറ്റില്‍ ഫെബ്രുവരി 10 ന് പ്രഫഷണല്‍ സ്റ്റുഡന്റ്സ് സമ്മിറ്റ് സംഘടിപ്പിക്കുമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണു സര്‍ക്കാര്‍ പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്കായി ഇത്തരമൊരു സമ്മിറ്റ് സംഘടിപ്പിക്കുന്നത്. 2000 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
അവരവരുടെ പഠന മേഖലയിലെ സാധ്യതകള്‍ മനസിലാക്കാനും നാടിന്റെ പുരോഗതിക്കായി സംഭാവന നല്‍കാനും വിദ്യാര്‍ഥികളെ പ്രാപ്തമാക്കുന്നതാണ് സമ്മിറ്റ്. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന സമിറ്റില്‍ പങ്കെടുക്കുന്നവര്‍ 12 ഉപവിഭാഗങ്ങളായി തിരിഞ്ഞ് അതതു മേഖലകളിലെ വിദഗ്ധരുടെ ക്ലാസുകളില്‍ പങ്കുചേരും. തുടര്‍ന്നു വിദ്യാര്‍ഥികള്‍ക്ക് അവരുടെ കണ്ടെത്തലുകളും പദ്ധതികളും അവതരിപ്പിക്കുകയും ചെയ്യാം.
ഡോ. എം എസ്. വല്യത്താന്, സന്ദീപ് പി. ത്രിവേദി, ഡോ. സൗമ്യ സ്വാമിനാഥന്, ഡോ. എ.ആര്. മാധവമേനോന്, എന്‍. സൗദാബി, ഡോ. എല്‍.എസ്. ഗണേഷ്, ഡോ. വി.ആര്. ലളിതാംബിക തുടങ്ങിയവർ വിദ്യാര്‍ഥികളുമായി സംവദിക്കാനെത്തും. കോളജുകളില്‍നിന്ന് പ്രിന്‍സിപ്പല്‍മാർ പങ്കെടുക്കേണ്ട വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കണം. സമ്മിറ്റില്‍ പങ്കെടുക്കുന്നവര്‍ അനുഭവങ്ങളും സമ്മിറ്റില്‍ അവതരിപ്പിക്കപ്പെട്ട വിഷയങ്ങളും അതത് കോളജുകളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മുന്നില്‍ അവതരിപ്പിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.
കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍, മെഡിസിന്, ഡെന്റല്‍, ലോ, ഫിഷറീസ്, വെറ്ററിനറി, അഗ്രികള്‍ച്ചര്‍, മാനേജ്മെന്റ് എന്നിങ്ങനെ മേഖല തിരിച്ചാണ് സമ്മിറ്റ്. ഇവയുടെ അനുബന്ധവിഷയങ്ങളും ഓരോ മേഖലയ്ക്കുമൊപ്പമുണ്ടാകും. സമ്മിറ്റിന്റെ ലോഗോയും വെബ്സൈറ്റും മന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു.
പത്രസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, അസാപ് ഡയറക്ടര്‍ റീത്ത എസ്. പ്രഭ എന്നിവരും പങ്കെടുത്തു.
പ്രഫഷണല്‍ സ്റ്റുഡന്റ് സമ്മിറ്റ് ഫെബ്രുവരി 10 നു കുസാറ്റില്‍
01:17 AM Jan 17, 2019 | Deepika.com