കൊല്ലം: കൊല്ലം ബൈപാസ് ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കവേ സദസിൽ നിന്നു നിരന്തരം ശരണം വിളി ഉയർന്നത് അദ്ദേഹത്തെ ക്ഷുഭിതനാക്കി. ഉദ്ഘാടന ചടങ്ങിന് എത്തിയ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു മുഖ്യമന്ത്രി പ്രസംഗിക്കവേയാണ് സദസിന്റെ പിന്നിൽ നിന്ന് ഉച്ചത്തിൽ സ്വാമിയേ ശരണമയ്യപ്പാ വിളികൾ ഉണ്ടായത്.
ഇതു മുഖ്യമന്ത്രിയെ ഏറെ അസ്വസ്ഥനാക്കി. അല്പനേരം അദ്ദേഹം മൗനിയായി നിന്നു. പിന്നീടാണു ക്ഷുഭിതനായത്. യോഗത്തിന് അതിന്റേതായ അച്ചടക്കം ഉണ്ടെന്ന കാര്യം അദ്ദേഹം ഓർമിപ്പിച്ചു. എന്തും കാണിക്കാമെന്ന വേദിയാണിതെന്ന് ആരും കരുതരുത്. വെറുതെ ബഹളമുണ്ടാക്കാൻ ആളുകൾ ഇവിടെയുണ്ടെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്നു ബഹളത്തിനു ശമനമുണ്ടായി.
കൊല്ലം-കോട്ടപ്പുറം ജലപാത 2020-ൽ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ജി.സുധാകരൻ പ്രസംഗിച്ചപ്പോഴും സദസിൽനിന്നു മോശം പ്രതികരണങ്ങൾ പലതവണ ഉണ്ടായി.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ സദസിൽ ശരണംവിളി
01:10 AM Jan 16, 2019 | Deepika.com