കൊച്ചി: കേരളത്തിലെ കേന്ദ്രസർവകലാശാല നിയമ വിഭാഗം ഡീൻ ഡോ. കെ.സി.സണ്ണിയെ നുവാൽസ് വൈസ് ചാൻസലറായി നിയമിച്ചു. നിയമന ഉത്തരവിൽ നുവാൽസ് ചാൻസലർ കൂടിയായ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് ഒപ്പുവച്ചു.
പൂഞ്ഞാർ സ്വദേശിയായ ഇദ്ദേഹം 1986 ൽ ഒന്നാം റാങ്കോടെ എൽഎൽബി നേടിയ ശേഷം മാതൃവിദ്യാലയമായ കേരള ലോ അക്കാദമി ലോ കോളജിൽ അധ്യാപകനായി. കേരള സർവകലാശാലയിലും കേന്ദ്രസർവകലാശാലയിലുമായി 30 വർഷത്തെ അധ്യാപന പരിചയമുണ്ട്.
തെരഞ്ഞെടുപ്പ് അഴിമതി നിയമദൃഷ്ടിയിൽ എന്ന പുസ്തകവും 45 ൽ പരം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേപ്പാൾ ഭരണഘടനാ നിർമാണസഭ തെരഞ്ഞെടുപ്പിലും ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിലും അന്താരാഷ്ട്ര നിരീക്ഷകനായി പ്രവർത്തിച്ചിട്ടുള്ള ഡോ.സണ്ണി 16 വിദേശ സർവകലാശാലകളിൽ പ്രഭാഷണം നടത്തി.
ഭാര്യ ഡോ. ശോഭ ജേക്കബ് എസ്സിഇആർടിയിൽ അസിസ്റ്റന്റ് പ്രഫസറാണ്. മക്കൾ: സ്മിലു (ടിസിഎസ് കൊച്ചി), അലൻ (മെഡിക്കൽ വിദ്യാർഥി).
ഡോ. കെ.സി. സണ്ണി നുവാൽസ് വൈസ് ചാൻസലർ
01:01 AM Jan 16, 2019 | Deepika.com