ശബരിമല: ശബരിമല വരുമാനത്തിലുണ്ടായ കുറവ് അയ്യപ്പഭക്തർ തന്നെ വരുംദിവസങ്ങളിൽ നികത്തിക്കൊള്ളുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വർഗീയവാദികളുടെ ലക്ഷ്യം അയ്യപ്പഭക്തർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതു പ്രായക്കാരായ സ്ത്രീകൾക്കും ശബരിമല ദർശനം നടത്താമെന്നതാണു സർക്കാർ നിലപാട്.
സുപ്രീംകോടതി അംഗീകരിച്ച നിലപാടിനോടു സർക്കാരും യോജിക്കുകയായിരുന്നു. ഇതു ഭരണഘടനാപരമായ ബാധ്യതയാണ്. ഇതിനെതിരെ വർഗീയവാദികൾ പ്രചരിപ്പിച്ച വാദങ്ങളുടെ പേരിലാണ് പ്രശ്നങ്ങളുണ്ടായത്. ഇതിലൂടെ വരുമാനത്തിൽ കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയ താത്പര്യത്തോടെയുള്ള പ്രചാരണത്തെ ജനം തിരിച്ചറിഞ്ഞു. ജനത്തെ ഇവർ കബളിപ്പിക്കുകയായിരുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. എന്നാൽ, എല്ലാ വെല്ലുവിളികളെയും സർക്കാരിനു മറികടക്കാനായി. വരുന്ന ആളുകളുടെ പ്രായം നോക്കേണ്ടതു സർക്കാരിന്റെ ജോലിയല്ല, എല്ലാവർക്കും സുരക്ഷിത ദർശനം ഉറപ്പാക്കാനാണ് ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം ബോർഡിന്റെ ഹരിവരാസനം പുരസ്കാരം പിന്നണി ഗായിക പി. സുശീലയ്ക്കു മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു.
ശബരിമല വരുമാനത്തിലെ കുറവ് ഭക്തർതന്നെ നികത്തും: ദേവസ്വം മന്ത്രി
12:37 AM Jan 15, 2019 | Deepika.com